രാഗത്തിൽ ബിഎൽഎം ഓഫീസ് തുറന്നു
തൃശൂർ : സാംസ്കാരിക നഗരത്തിൻറെ ഹൃദയത്തിൽ മലയാളികൾ നെഞ്ചേറ്റിയ രാഗം തിയ്യറ്റർ ഇനി മുതൽ ഭാരത് ലെജന മൾട്ടി സ്റ്റേറ്റ് ഹൌസിങ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ കൈകളിൽ ഭദ്രം. ഹൈക്കോടതി ഉത്തരവുമായി എത്തി ബിഎൽഎം ബോർഡ് സ്ഥാപിച്ചു. ബിഎൽഎം സിഇഒ നവീൻ എസ് നായർ, ഡെപ്യൂട്ടി പിആർഒ മോഹനൻ, എക്സിക്യൂട്ടീവ് ഡയറക്ടർ മനോജൻ, ഡിജിഎം സുധീർ, ബാലൻ എന്നിവരുടെ നേതൃത്വത്തിലാണ് ബോർഡ് സ്ഥാപിച്ചത്.
ജോർജ് നേരേ പറമ്പിൽ നിന്ന് തിയ്യറ്റർ അവകാശം തീറുവാങ്ങിയെങ്കിലും ജോർജും നിലവിലെ നടത്തിപ്പുകാരൻ എ കെ സുനിലുമായി നിലനിൽക്കുന്ന തർക്കത്തെ തുടർന്ന് ബിഎൽഎം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി ഉത്തരവുമായി ബോർഡ് സ്ഥാപിക്കാനെത്തിയവരെ ഒരു വിഭാഗം തടഞ്ഞതോടെ പൊലീസ് ഇടപെട്ടാണ് പിന്നീട് ബോർഡ് സ്ഥാപിക്കാനായത്.
2006 മുതൽ ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോകമെന്പാടും വേരുകളുള്ള ജനങ്ങൾക്കിടയിൽ മാതൃകാപരമായി പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണ് ബിഎൽഎം. ആർ പ്രേം കുമാർ ചെയർമാനായി 126 ശാഖകളുള്ള ബിഎൽഎം ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി ഹോസ്പിറ്റലുകൾ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ ഏറ്റെടുത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ചുവരികയാണ്. തൃശൂരിലെ പ്രധാനപ്പെട്ട രാഗം തിയ്യറ്റർ ഏറ്റെടുത്തതിലൂടെ ജില്ലയിൽ പുതിയ അധ്യായം കുറിക്കാനൊരുങ്ങുകയാണ് ബിഎൽഎം എന്ന് ബിഎൽഎമ്മിൻറെ അമരക്കാരൻ കൂടിയായ ആർ പ്രോംകുമാർ പറഞ്ഞു.
ഏതാനും മാസങ്ങൾക്ക് മുൻപാണ് കോടികൾ നൽകി ബിഎൽഎം രാഗം തിയ്യറ്റർ വാങ്ങിയതെങ്കിലും നടത്തിപ്പുകാരനായ സുനിലും മുൻ ഉടമ ജോർജ്ജും തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങളാണ് വിഷയം കോടതി കയറ്റിയത്.


