കൊല്ലം ഓയൂരിൽ 6 വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ കുട്ടിയുടെ അമ്മയ്ക്ക് ഫോൺ കോൾ വന്നത് പാരിപ്പള്ളിയിലെ ഒരു വ്യാപാരിയുടെ ഫോണിൽ നിന്ന്. ഓട്ടോയിൽ വന്ന 2 അംഗ സംഘം തന്റെ ഫോൺ വാങ്ങി വിളിച്ചുവെന്നും ബിസ്ക്കറ്റും റസ്കും അടക്കമുള്ള ഭക്ഷണ സാധനങ്ങൾ കടയിൽ നിന്ന് വാങ്ങിച്ചുവെന്നും വ്യാപാരിയുടെ മൊഴി. ഓട്ടോറിക്ഷയിലെത്തിയ സ്ത്രീയും പുരുഷനും സാധനങ്ങൾ വാങ്ങുന്നതിനൊപ്പം വീട്ടിലേക്ക് കോൾ ചെയ്യാനെന്ന വ്യാജേന കടയുടമയുടെ ഫോൺ ചോദിച്ച് വാങ്ങി കുട്ടിയുടെ വീട്ടിലേക്ക് വിളിക്കുകയും 5 ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെടുകയുമായിരുന്നു. പൊലീസ് വ്യാപാരിയുടെ മൊഴിയെടുത്തു. കൊല്ലം- തിരുവനന്തപുരം ജില്ലാ അതിർത്തി കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്.
രണ്ടാമത് 10 ലക്ഷം ആവശ്യപ്പെട്ടുകൊണ്ടുള്ള കോൾ കുട്ടിയുടെ ബന്ധുവിനാണ് ലഭിച്ചത്. നാളെ 10 മണിക്ക് 10 ലക്ഷം രൂപ അറേഞ്ച് ചെയ്യുന്ന പക്ഷം കുട്ടിയുടെ ഓയൂരിലെ വീട്ടിൽ എത്തിക്കാമെന്നും പോലീസിനെ വിവരം അറിയിക്കരുതെന്നും ഫോൾ കോളിൽ പറയുന്നു. കുട്ടി സുരക്ഷിതമാണെന്നും കോലിൽ പറയുന്നു. മോചന ദ്രവ്യം ആവശ്യപ്പെട്ടുകൊണ്ട് തട്ടിക്കൊണ്ടുപോകൽ സംഘത്തിലുണ്ടെന്ന് കരുതുന്ന സ്തരീയാണ് ബന്ധുവുമായി സംസാരിച്ചത്.
അധികദൂരം കുട്ടിയുമായി പോകാൻ സാധ്യതയില്ലെന്നും ജില്ലയ്ക്കുള്ളിൽ വ്യാപക പരിശോധന നടത്തുകയാണെന്നും പൊലീസ് പറയുന്നു. എല്ലാ ജില്ലകളിലും പരിശോധന നടത്താനാണ് ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പിയുടെ നിർദേശം. ഇതുപ്രകാരം 14 ജില്ലകളിലും അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്.
ഓയൂർ സ്വദേശി റജിയുടെ മകൾ അഭികേൽ സാറ റെജിയെയാണ് തട്ടിക്കൊണ്ട് പോയത്. ഓയൂർ കാറ്റാടിമുക്കിൽ വെച്ച് കാറിൽ എത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. KL 01 3176 എന്ന വാഹനം കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്.
വെള്ള നിറത്തിലുള്ള ഹോണ്ട അമയിസ് കാറിലാണ് കുട്ടിയെ കയറ്റിക്കൊണ്ട് പോയത്. മൂത്ത മകൻ ജോനാഥനൊപ്പം ട്യൂഷന് പോകുമ്പോഴായിരുന്നു സംഭവം.സംഭവത്തിന് പിന്നിൽ 4 അംഗ സംഘമാണെന്നാണ് സൂചന. മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമാണ് കാറിലുണ്ടായിരുന്നതെന്നാണ് വിവരം.