ഡിജിപി ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട് കെ.എസ്.യു നേതാക്കളെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ അപേക്ഷ കോടതി തള്ളിയത് സര്‍ക്കാരിന്റെയും പോലീസിന്റെയും ധാര്‍ഷ്ട്യത്തിനും ധിക്കാരത്തിനും ലഭിച്ച മറുപടി എന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സമരത്തെ ബോധപൂര്‍വ്വം അടിച്ചമര്‍ത്തിയത് പോലീസാണ്. സർക്കാരും പൊലീസും തമ്മിലുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നും അലോഷ്യസ് സേവ്യര്‍ കുറ്റപ്പെടുത്തി.
അനീതികള്‍ക്കെതിരെ നിര്‍ഭയം പോരാട്ടം തുടരുമെന്നും കേരളാ പോലീസ് ഭരണവിലാസം സംഘമായി അധഃപതിച്ചുവെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് പറഞ്ഞു. ആലപ്പുഴ ജില്ലാ പ്രസിഡന്റ് എ.ഡി തോമസിനെയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജുവല്‍ കുര്യാക്കോസിനെയും ക്രൂരമായി മര്‍ദ്ദിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാനെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ച കോടതി നടപടി സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രപിതാവിനെ അപമാനിച്ച എസ്.എഫ്.ഐ ആലുവാ ഏരിയാ കമ്മിറ്റി അംഗം അദീന്‍ നാസറിന്റെ നടപടി പ്രതിഷേധാര്‍ഹമെന്ന് അലോഷ്യസ് സേവ്യര്‍ വിമര്‍ശിച്ചു. അദീനെതിരെ സംഘടനാപരമായും നിയമപരവുമായും മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഹാത്മാഗാന്ധിയെ അപമാനിക്കാനുള്ള സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എസ്.എഫ്.ഐ ഏറ്റെടുത്തോ എന്ന് സംസ്ഥാന നേതൃത്വംവ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂളിംഗ് ഗ്ലാസ് വെച്ച് വീഡിയോ എടുക്കുകയും, എന്തായാലും മഹാത്മാഗാന്ധി മരിച്ചതല്ലേ എന്നുമുള്ള പരിഹാസവും ഗൗരവതരമാണ്. ഇത്തരം ചെയ്തികള്‍ക്കെതിരെ കര്‍ശ്ശന നടപടി സ്വീകരിക്കണം. അദ്ദേഹം ആവശ്യപ്പെട്ടു.