അടിമാലി: കാട്ടാന അക്രമണത്തില്‍ മരിച്ച പരിമളത്തിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമരവുമായി തൊഴിലാളികള്‍. പന്നിയാര്‍ എസ്റ്റേറ്റ് ഓഫീസിനു മുന്‍പില്‍ മരിച്ച പരിമളത്തിന്റെ മൃതദേഹവുമായാണ് തൊഴിലാളികള്‍ സമരം നടത്തുന്നത്. ഇടുക്കി ചിന്നക്കനാലില്‍ ആണ് കാട്ടാനയുടെ അക്രമണത്തില്‍ പരിമളം മരിച്ചത്. രാവിലെ ജോലിയ്ക്ക് പോകുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു.
കാട്ടാനയുടെ ക്രൂരമായ അക്രമണത്തില്‍ മരിച്ച പരിമളത്തിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുക എന്നതും തൊഴിലാളികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്ന ആവശ്യവുമായിട്ടാണ് തൊഴിലാളികളുടെ സമരം നടക്കുന്നത്. പരിമളത്തിന്റെ കുടുംബത്തിലെ ആര്‍ക്കെങ്കിലും ആശ്രിത നിയമനം നല്‍കുക, ജോലിക്ക് ഇറങ്ങുന്നതിനു മുന്‍പായി തോട്ടങ്ങളില്‍ കാട്ടാന കൂട്ടം ഇല്ലെന്ന് ഉറപ്പ് വരുത്തുന്നതിനായി വാച്ചര്‍മാരെ നിയമിക്കുക, തൊഴിലാളികള്‍ക്കയി പുതിയ ആംബുലന്‍സ് അനുവദിക്കുക, കൃത്യമായ ചികിത്സയും മരുന്നും ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് തൊഴിലാളികളുടെ സമരം.