ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിലെ നിലവറയില്‍ പ്രാര്‍ത്ഥന നടത്താനുള്ള വാരണാസി ജില്ലാ കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ഗ്യാന്‍വാപി മസ്ജിദ് കമ്മിറ്റി നല്‍കിയ അപ്പീല്‍ അലഹബാദ് ഹൈക്കോടതി തള്ളി. അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാളാണ് വിധി പ്രസ്താവിച്ചത്. ജനുവരി 31-ന് വാരണാസി കോടതി ഗ്യാന്‍വാപി പള്ളിയുടെ തെക്കന്‍ നിലവറയായ വ്യാസ് തെഹ്ഖാനയില്‍ ഹിന്ദു പക്ഷത്തിന് പ്രാര്‍ത്ഥന നടത്താമെന്ന് വിധിച്ചിരുന്നു.
വിധിയെ അഭിനന്ദിച്ച അഡ്വക്കേറ്റ് പ്രഭാഷ് ഇത് സനാതന ധര്‍മ്മത്തിന്റെ വലിയ വിജയമാണെന്ന് പറഞ്ഞു. ജില്ലാ ജഡ്ജിയുടെ ഉത്തരവിനെതിരെ മുസ്ലീം വിഭാഗം നല്‍കിയ ഹര്‍ജികള്‍ ജഡ്ജി തള്ളി. പൂജ അതേപടി തുടരും.അദ്ദേഹം പറഞ്ഞു. മസ്ജിദിന്റെ അടിത്തട്ടില്‍ നാല് ‘തഹ്ഖാനകള്‍’ (നിലവറകള്‍) ഉണ്ട്. ഇതില്‍ ഒരെണ്ണം അവിടെ താമസിച്ചിരുന്ന വ്യാസ് കുടുംബത്തിന്റെ അധീനതയിലാണ്. 1993 ല്‍ അധികൃതര്‍ പള്ളി സമുച്ചയം മുദ്രവയ്ക്കുന്നതുവരെ ഇവിടെ പുരോഹിതനായ സോമനാഥ് വ്യാസ് പൂജ നടത്തിയിരുന്നതായി ഹിന്ദു വിഭാഗം കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.