ന്യൂഡല്‍ഹി: തന്ത്രപരമായ നീക്കങ്ങള്‍ക്കൊടുവില്‍ മദ്യ നയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള് അറസ്റ്റില്‍. സെര്‍ച്ച് വാറന്റുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ 12 അംഗ സംഘം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഔദ്യോഗിക വസതിയിലെത്തിയിരുന്നു. തുടര്‍ന്ന് രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. കെജ്രിവാളിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
അറസ്റ്റില്‍ നിന്ന് സംരക്ഷണം വേണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി നിരസിച്ച് മണിക്കൂറുകള്ഡക്കുള്ളിലാണ് ഇഡി വീട്ടിലെത്തിയത്. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ ഇഡി കസ്റ്റഡിയിലെടുത്തു. കെജ്രിവാളിനെ നാളെ പിഎംഎല്‍എ കോടതിയില്‍ ഹാജരാക്കും. ഇ ഡി ആസ്ഥാനത്ത് വൈദ്യപരിശോധന നടത്തും. അറസ്റ്റിനെതിരെ ആം ആദ്മി പാര്‍ട്ടി സുപ്രീംകോടതിയെ സമീപിച്ചു. ഹര്‍ജി ഇന്ന് രാത്രി തന്നെ അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെടുമെന്ന് എഎപി മന്ത്രി അതിഷി മാര്‍ലെന വ്യക്തമാക്കി. ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ അദ്ദേഹം ആവര്‍ത്തിച്ച് വിസമ്മതിച്ചിരുന്നു. കേന്ദ്ര ഏജന്‍സിയുടെ സമന്‍സ് നിയമവിരുദ്ധമാണെന്നായിരുന്നു അരവിന്ദ് കെജ്രിവാള് അവകാശപ്പെട്ടത്.