ഒഡീഷയിലെ പുരിയില്‍ വാര്‍ഷിക രഥയാത്രയ്ക്കിടെ ബലഭദ്രന്റെ രഥം വലിക്കുന്നതിനിടെ ഒരു ഭക്തന്‍ ശ്വാസം മുട്ടി മരിച്ചു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഭക്തരാണ് ഉത്സവത്തിനായി ക്ഷേത്രനഗരിയിലെത്തിയത്. ഇതുവരെ മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പുരി ജില്ലാ ആസ്ഥാനത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ എത്തിയപ്പോഴേക്കും മരിച്ചിരുന്നു.
കൂടാതെ, പതിനഞ്ചോളം പേര്‍ക്ക് പരിക്കുകളുള്ളതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെയെല്ലാം അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. ഇവരെ സംസ്ഥാനത്തിന്റെ ആരോഗ്യമന്ത്രി മുകേഷ് മഹാലിംഗ് സന്ദര്‍ശിക്കുകയും വേണ്ട സഹായങ്ങള്‍ ഉറപ്പ് നല്‍കുകയും ചെയ്തു.
തിക്കിലും തിരക്കിലും പെട്ട് 121 പേര്‍ മരിച്ച ഹാഥ്‌റസ് ദുരന്തം നടന്ന് ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. പുരിയില്‍ ഭയപ്പെടേണ്ടതായ ഒരു സാഹചര്യം ഇല്ലായെങ്കിലും ഒരു മരണം ഉണ്ടായത് അധികൃതരെ കൂടുതല്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്.