കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ പിജി ഡോക്ടര്‍ ക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ നാളെ ബഹുജന പ്രക്ഷോഭം. ജൂനിയര്‍ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് കൊല്‍ക്കത്തയില്‍ സമരം നടത്തുന്നത്. സിബിഐ ഓഫീസിലെത്തി അന്വേഷണത്തിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് തേടുമെന്നും ജൂനിയര്‍ ഡോക്ടര്‍മാര്‍ അറിയിച്ചു.
അതേസമയം കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ നുണ പരിശോധന ഇന്ന് നടന്നേക്കും. സന്ദീപ് ഘോഷിനെയും കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ അഞ്ച് സുഹൃത്തുക്കളെയും നുണ പരിശോധനയ്ക്ക് വിധേയരാക്കാന്‍ കോടതി അനുവാദം നല്‍കിയിരുന്നു. സന്ദീപ് ഘോഷിന്റെ മൊഴികളില്‍ വൈരുധ്യം ഉണ്ടെന്നാണ് സിബിഐയുടെ വിലയിരുത്തല്‍. രാഷ്ട്രീയ സമ്മര്‍ദം ശക്തമായിരിക്കെ നുണ പരിശോധന അന്വേഷണത്തില്‍ നിര്‍ണായകമാണ്
കൊലപാതകത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ആളിപ്പടരുകയാണ്. ഇന്ത്യയിലെ ആരോഗ്യപ്രവര്‍ത്തകരും സംഘടനകളും നടപടിയാവശ്യപ്പെട്ടും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ടും തെരുവിലിറങ്ങി. പശ്ചിമബംഗാളില്‍ പ്രതിഷേധം പ്രക്ഷോഭമായി മാറിയിരിക്കുകയാണ്.