അഹമ്മദാബാദിൽ ഇന്ന് ഇന്ത്യ-ഓസ്ട്രേലിയ മത്സരം. ഇന്ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ഗ്രൗണ്ടായ അഹ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ടൂർണമെൻ്റിൽ 10 മത്സരങ്ങൾ തുടരെ വിജയിച്ച് ഇന്ത്യയും 8 തുടർ ജയങ്ങളുമായി ഫൈനൽ പ്രവേശനം നേടി എന്ന ആത്മവിശ്വാസത്തോടെ ഓസ്ട്രേലിയയുമാണ് ഇന്ന് മത്സരത്തിനിറങ്ങുക.
ഓസ്ട്രേലിയയെ നേരിടുന്ന ഇന്ത്യക്ക് ടോസ് നിർണായകമാണ്. ഈ മൈതാനത്ത് ടൂർണമെന്റിൽ ഇതുവരെ രണ്ടാമത് ബാറ്റ് ചെയ്ത ടീമുകൾക്കയിരുന്നു മുൻതൂക്കം. ഈ ലോകകപ്പിൽ നാല് മത്സരങ്ങൾ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്നപ്പോൾ അതിൽ മൂന്നിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമിനൊപ്പമായിരുന്നു വിജയം.
അതേസമയം, ടോസ് നിര്‍ണായകമല്ലെന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പറയുന്നത്. ഓരോ ദിവസവും കാലാവസ്ഥയില്‍ മാറ്റമുണ്ട്. ഏത് കണ്ടീഷനിലും കളിക്കാന്‍ ടീം പ്രാപ്തരാണ്. ആക്രമിച്ചു കളിക്കാൻ നേരത്തെ തീരുമാനിച്ചതാണെന്നും രോഹിത് പറഞ്ഞു.
ഓസ്ട്രേലിയയുടെ കാര്യത്തിൽ മാക്‌സ്‌വെല്ലിനെപ്പോലുള്ള മാച്ച് വിന്നർമാരുടെ കൂടാരമാണ്. ഓൾറൗണ്ടർ മിച്ചൽ മാർഷ്, ബാറ്റർമാരായ ഡേവിഡ് വാർണർ, സ്‌റ്റീവ് സ്മിത്ത്, ആൾറൗണ്ടർ ട്രാവിസ് ഹെഡ്ഡ്, പേസർമാരായ മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, ഹേസൽവുഡ്, സ്പിന്നർ ആദം സാംപ എന്നിവരെല്ലാം ഇന്ന് കളിക്കാനിറങ്ങും.
5 ലോകകപ്പുകൾ നേടിയിട്ടുള്ളവരാണ് ഓസ്ട്രേലിയ.1987ൽ ഇന്ത്യയിൽ വച്ചായിരുന്നു അവരുടെ ആദ്യ കിരീടനേട്ടം. 1999, 2003, 2007, 2015 വർഷങ്ങളിൽ മറ്റ് കിരീടങ്ങൾ. 2തവണയാണ് ഇന്ത്യ കപ്പുയർത്തിയത്. 1983ൽ കപിൽസ് ഡെവിൾസ് ടീം ആദ്യം കിരീടമണിയിച്ച് ചരിത്രം കുറിച്ചു. 2011ൽ ധോണിയുടെ നേതൃത്വത്തിൽ രണ്ടാം കിരീടം.