‘ഇന്‍ഡ്യ’ മുന്നണി യോഗം ഇന്ന് ഡല്‍ഹിയില്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ സഖ്യത്തിലെ ഏകോപന സമിതി അംഗങ്ങളും പാര്‍ട്ടി നേതാക്കളും പങ്കെടുക്കും. പൊതുതിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം അടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാവും. അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യകക്ഷികളോട് സ്വീകരിച്ച സമീപനവും കേന്ദ്രസര്‍ക്കാരിനെതിരായ ദേശ വ്യാപക പ്രക്ഷോഭം, സഖ്യത്തിന്റെ നേതാക്കള്‍ അണിനിരക്കുന്ന റാലികള്‍ എന്നിവ സംബന്ധിച്ച ചര്‍ച്ചകളും യോഗത്തില്‍ നടക്കും.
നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നയുടന്‍ ചേരാനിരുന്ന യോഗം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. മുഖ്യമന്ത്രി മമതാ ബാനര്‍ജി, സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് തുടങ്ങിയവര്‍ അസൗകര്യം അറിയിച്ചതോടെയാണ് യോഗം മാറ്റിയത്. നേരത്തെ തന്നെ സമാജ്‌വാദി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, ജനതാദള്‍ യുണൈറ്റഡ് എന്നീ പാര്‍ട്ടികള്‍ കോണ്‍ഗ്രസ് നിലപാടിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു.
അതിനിടെ യോഗത്തിന് മുന്നോടിയായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മമത ബാനര്‍ജിയും കൂടിക്കാഴ്ച്ച നടത്തി. 45 മിനിറ്റോളം നീണ്ട കൂടിക്കാഴ്ച്ചയെക്കുറിച്ച് പ്രതികരിക്കാന്‍ കെജ്രിവാള്‍ തയ്യാറായില്ല. തൃണമൂല്‍ എംപി അഭിഷേക് ബാനര്‍ജിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച്ച. വൈകുന്നേരം മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായും കൂടിക്കാഴ്ച്ച നടത്തിയിരുന്നു.