ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ചോദ്യം ചെയ്യുന്നതിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നാലാം തവണയും സമന്‍സ് അയച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ആം ആദ്മി പാര്‍ട്ടിയുടെ (എഎപി) ദേശീയ കണ്‍വീനര്‍ കൂടിയായ കെജ്രിവാളിനോട് ജനുവരി 18 ന് ആസ്ഥാനത്ത് ഏജന്‍സിക്ക് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പാര്‍ട്ടിയുടെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ജനുവരി 18 മുതല്‍ 20 വരെ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി കെജ്രിവാള്‍ ഗോവയിലെത്തുമെന്ന് എഎപി വൃത്തങ്ങള്‍ അറിയിച്ചു. നാലാം തവണയാണ് കെജ്രിവാളിന് ഇഡി സമന്‍സ് അയക്കുന്നത്.
നവംബര്‍ 2, ഡിസംബര്‍ 21, ജനുവരി 3 തീയതികളില്‍ ആയിരുന്നു ഇഡി സമന്‍സ് അയച്ചത്. എന്നാല്‍ ഒരിക്കല്‍പോലും അദ്ദേഹം ഇഡിക്ക് മുന്നില്‍ എത്തിയില്ല. സമന്‍സ് നിയമവിരുദ്ധമാണെന്നും തന്നെ അറസ്റ്റ് ചെയ്യുക മാത്രമാണ് ലക്ഷ്യമെന്നും ആരോപിച്ചായിരുന്നു കെജ്രിവാളിന്റെ നടപടി. കേസില്‍ ഇഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കെജ്രിവാളിന്റെ പേര് ഒന്നിലധികം തവണ പരാമര്‍ശിച്ചിട്ടുണ്ട്.