ഒരു വിഭാഗം സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും ബുധനാഴ്ച പണിമുടക്കും. പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടക്കുന്ന സൂചനാ പണിമുടക്കിൽ സെക്രട്ടേറിയറ്റ് ജീവനക്കാരടക്കം പങ്കെടുക്കുമെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ അറിയിച്ചു. അതേസമയം, പണിമുടക്കിനെ നേരിടാൻ സർക്കാർ ഡയസ് നോൺ അടക്കം നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട്.
6 ഗഡു (18%) ഡിഎ അനുവദിക്കുക, ലീവ് സറണ്ടർ പുനഃസ്ഥാപിക്കുക, ശമ്പള പരിഷ്ക്കരണ കുടിശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, മെഡ്സെപ് അപാകതകൾ പരിഹരിക്കുക, വിലക്കയറ്റം തടയുക, 12ാം ശമ്പള കമ്മിഷനെ നിയമിക്കുക, സെക്രട്ടേറിയറ്റ് സർവീസ് സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്.
33 മാസക്കാലമായി സർക്കാർ ജീവനക്കാർക്ക് ആനുകൂല്യങ്ങൾ ഒന്നുംതന്നെ എൽഡിഎഫ് സർക്കാർ അനുവദിച്ചിട്ടില്ലെന്നു സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ നേതാക്കൾ പറഞ്ഞു. ജീവനക്കാർക്ക് ഡിഎ അനുവദിച്ചിട്ട് 3 വർഷമായി. 4 മാസത്തെ ശമ്പളത്തിന് തുല്യമായ ലീവ് സറണ്ടർ തുക ജീവനക്കാർക്ക് നഷ്ടപ്പെട്ടു. മെഡ്സെപ് പദ്ധതിയിൽ ജീവനക്കാർക്കോ പെൻഷൻകാർക്കോ യാതൊരു പ്രയോജനവും ലഭിക്കുന്നില്ല. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമെന്ന് വാഗ്ദാനം നൽകി അധികാരത്തിൽ നടപ്പിലാക്കുന്നില്ല. ഈ സാഹചര്യത്തിൽ ജീവനക്കാർക്ക് പണിമുടക്കുകയല്ലാതെ മറ്റു മാർഗങ്ങളില്ലെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ്.ഇർഷാദ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, സമരത്തെ പ്രതിരോധിക്കാൻ കടുത്ത നടപടികൾ പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ. അവശ്യസേവനങ്ങൾ തടസപ്പെടരുതെന്നും അടിയന്തര സാഹചര്യങ്ങളിലൊഴികെ 2024 ജനുവരി 24ന് യാതൊരു തരത്തിലുള്ള അവധിയും അനുവദിക്കാൻ പാടില്ലെന്നും ജീവനക്കാരനോ അടുത്ത ബന്ധുക്കൾക്കോ അസുഖം ബാധിച്ചാലോ ഒഴിവാക്കാനാകാത്ത സാഹചര്യത്തിലോ മാത്രം അവധി അനുവദിച്ചാൽ മതിയെന്നും താത്കാലിക ജീവനക്കാർ ഹാജരായില്ലെങ്കിൽ പിരിച്ചുവിടുമെന്നും ഉത്തരവിൽ പറയുന്നു.