Newsperseconds.com

75-ാം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ രാജ്യം; മുഖ്യ അതിഥി ഇമ്മാനുവൽ മാക്രാൺ

Untitled Design (1)

രാജ്യം ഇന്ന് 75-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. 1950ല്‍ നമ്മുടെ രാജ്യത്ത് ഭരണഘടന പ്രാബല്യത്തില്‍ വന്ന ദിവസത്തിന്റെ ഓർമ്മ പുതുക്കൽ കൂടിയാണ് റിപ്പബ്ലിക് ദിനാഘോഷം. ‘വികസിത ഭാരത്’ എന്നതാണ് ഈ വർഷത്തെ റിപ്പബ്ലിക് ദിന പ്രമേയം. നാരീ ശക്തിയുടെ വിളംബബരം കൂടിയാണ് ഇത്തവണത്തെ പരേഡ് എന്നതും പ്രസക്തം.

സമസ്ത വിഭാഗങ്ങളിലും സ്ത്രീകൾ അണിനിരക്കുന്ന റിപ്പബ്ലിക് ദിന പരേഡാണ് ഇത്തവണത്തെ പ്രത്യേകത. റിപ്പബ്ലിക് ദിനാഘോഷത്തിൽ ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണാണ് മുഖ്യ അതിഥിയായി എത്തുന്നത്. ഇന്ത്യ ഗേറ്റിലെ അമർ ജവാൻ ജ്യോതിയിൽ പ്രധാനമന്ത്രി പുഷ്പചക്രം അർപ്പിക്കുന്നതോടെ രാജ്യ തലസ്ഥാനമായ ഡൽഹിയിൽ റിപ്പബ്ലിക് ദിനാഘോഷങ്ങൾ ആരംഭിക്കുന്നു. രാവിലെ 10.30 ന് ആരംഭിക്കുന്ന റിപ്പബ്ലിക് ദിന പരേഡ് 90 മിനിറ്റ് വരെ നീണ്ടു നിൽക്കും. റിപ്പബ്ലിക് ദിന പരേഡില്‍ ആദ്യമായി മൂന്ന് സേനകളിൽ നിന്നുള്ള വനിതാ ഓഫിസർമാരുടെ സംഘം ഒന്നിച്ച് മാര്‍ച്ച് ചെയ്യും. കര-നാവിക -വ്യോമ സേനകളിലെ 144 പേരാണ് പ്രത്യേക സംഘമായി മാർച്ച് ചെയ്യുക. സൈനിക മേഖലയിലെ സ്ത്രീ പ്രാതിനിധ്യം കൂടാതെ സാംസ്കാരിക കലാ മേഖലയിൽ നിന്നുള്ള 100 പേർ റിപ്പബ്ലിക് ദിന പരേഡിൽ അണിനിരക്കും. ഡൽഹി പൊലീസ് സംഘത്തെ നയിക്കുന്നത് മലയാളി ഡിസിപി ശ്വേത കെ സുഗതനാണ്.

ഫ്രാൻസിൽ നിന്നുള്ള 90 അംഗ സൈന്യവും 30 അംഗ ബാൻഡ് സംഘവും പരേഡിൽ പങ്കെടുക്കും. 13,000 വിശിഷ്ട അതിഥികൾക്കാണ് റിപ്പബ്ലിക് ദിനം പരേഡ് കാണാൻ ക്ഷണം. റിപ്പബ്ലിക് ദിനാഘോഷം കണക്കിലെടുത്ത് രാജ്യ തലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നാലുദിവസം നീളുന്ന ആഘോഷ പരിപാടികൾ ജനുവരി 29ന് നടക്കുന്ന റിട്രീറ്റ് സെറിമണിയോടുകൂടി അവസാനിക്കും.

Share this Article

Leave a Comment