തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റുകളില്‍ അടിമുടി മാറ്റം വരുത്തി മോട്ടോര്‍ വാഹന വകുപ്പ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അധ്യക്ഷനായ സമിതിയുടെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനം. കാര്‍ ടെസ്റ്റിന് നേരത്തെയുണ്ടായിരുന്ന ‘H’ ഒഴിവാക്കിയാണ് പുതിയ പരിഷ്‌കാരം. പകരം സിഗ്‌സാഗ് ഡ്രൈവിങും പാര്‍ക്കിങും ഉള്‍പ്പെടുത്തും. മെയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
ഡ്രൈവിങ് ടെസ്റ്റിന് ഓട്ടോമാറ്റിക് ഗിയര്‍ ഉപയോഗിക്കാന്‍ പാടില്ല. ഇരുചക്ര വാഹനങ്ങളുടെ ടെസ്റ്റിന് കാലില്‍ ഗിയറുള്ള വാഹനം നിര്‍ബന്ധമാണ്. ഡ്രൈവിങ് സ്‌കൂളിലെ പരിശീലന വാഹനത്തിന്റെ കാലപ്പഴക്കം 15 വര്‍ഷമാക്കി. ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കുന്ന വാഹനത്തില്‍ ഡാഷ് ബോര്‍ഡ് ക്യാമറ സ്ഥാപിക്കണമെന്നും പുതിയ സര്‍ക്കുലറില്‍ പറയുന്നു.
കൂടാതെ, ടെസ്റ്റ് കേന്ദ്രങ്ങളില്‍ വാഹനങ്ങളുടെ റോഡ് ടെസ്റ്റ് നടത്തുന്നത് നിയമവിരുദ്ധമാകും. റോഡ് ടെസ്റ്റ് റോഡില്‍ തന്നെ നടത്തണം. വിവിധ തരത്തില്‍ വാഹനം പാര്‍ക്ക് ചെയ്യാനുള്ള പരിശോധനയും കൊണ്ടുവന്നു. ഇരുചക്രവാഹനങ്ങളുടെ ടെസ്റ്റ് റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കണം. ഡ്രൈവിങ് ടെസ്റ്റ് ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്യും. ലൈസന്‍സ് ടെസ്റ്റിന് ശേഷം ഈ ക്യാമറയുടെ മെമ്മറി കാര്‍ഡ് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ വാങ്ങി വീഡിയോ സേവ് ചെയ്ത് സൂക്ഷിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്.
പ്രതിദിനം ഒരു എംവിഐയുടെ നേതൃത്വത്തില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ട അപേക്ഷകരുടെ എണ്ണം 30 ആയി നിജപ്പെടുത്തി. 20 എണ്ണം പുതിയ അപേക്ഷകരും 10 എണ്ണം നേരത്തെ പരാജയപ്പെട്ടവരും. 30 എണ്ണത്തിലധികം ടെസ്റ്റ് നടത്തിയാല്‍ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കും.