മലപ്പുറം: മുസ്ലിം ലീഗിന്റെ നിര്‍ണായക പാര്‍ലമെന്ററി യോഗം ഇന്ന് ചേരും. മലപ്പുറത്തിനും പൊന്നാനിക്കും പുറമെ തമിഴ്‌നാട് രാമനാഥപുരത്തെ സ്ഥാനാര്‍ത്ഥിയെയും ഇന്ന് പ്രഖ്യാപിക്കുമെന്നാണ് സൂചന. എന്നാല്‍ രാജ്യസഭയുടെ കാര്യത്തിലും യുവപ്രാതിനിധ്യത്തിന്റെ കാര്യത്തിലും ലീഗില്‍ അനിശ്ചിതത്വം തുടരുകയാണ്.
അതേ സമയം, പൊന്നാനി ലോക്സഭാ മണ്ഡലത്തില്‍ ഇ ടി മുഹമ്മദ് ബഷീര്‍ ലീഗ് സ്ഥാനാര്‍ത്ഥിയാണെങ്കില്‍ താന്‍ മത്സരിക്കാനില്ലെന്ന് സിപിഐഎമ്മിനെ അറിയിച്ചിരുന്നുവെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ എസ് ഹംസ. ഇ ടി പഴയ നേതാവാണെന്നും അദ്ദേഹത്തോട് മത്സരിക്കാന്‍ മനസ്സിന് പ്രയാസമുണ്ടെന്നാണ് പാര്‍ട്ടിയെ അറിയിച്ചത്.
രാമനാഥപുരത്ത് സിറ്റിങ് എംപി നവാസ് ഖനിയും മത്സരിച്ചേക്കും. പൊന്നാനിയില്‍ അബ്ദു സമദ് സമദാനിക്കാണ് സാധ്യത കല്‍പിക്കുന്നതെങ്കിലും വ്യക്തതയായിട്ടില്ല. ഇത്തവണ ലീഗിന് ലഭിക്കുന്ന രാജ്യസഭാ സീറ്റില്‍ ആരെന്നതില്‍ ആശയക്കുഴപ്പം തുടരുകയാണ്. പിഎംഎ സലാം, പി.കെ ഫിറോസ്, ഫൈസല്‍ ബാബു തുടങ്ങിയവരെയും പരിഗണിക്കുന്നുണ്ട്. രാവിലെ പത്ത് മണിക്ക് പാണക്കാടാണ് യോഗം നടക്കുക.