തിരുവനന്തപുരം: കേരളത്തില്‍ ചൂട് കൂടുന്നു. ഒമ്പത് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ താപനില 2 മുതല്‍ 4 വരെ ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
അതേ സമയം, മാര്‍ച്ച് 14 മുതല്‍ 17 വരെയുള്ള ദിവസങ്ങളില്‍ പാലക്കാട്, കൊല്ലം ജില്ലകളില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും തൃശൂര്‍ ജില്ലയില്‍ 37ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരും. ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 36ഡിഗ്രി വരെ ചൂട് അനുഭവപ്പെടുമെന്നാണ് അറിയിച്ചിരിക്കുന്നത്. പകല്‍ 11 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.