ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് ബിഭാവ് കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. വിഭവിന്റെ നിയമനം ചട്ടങ്ങളുടെ ലംഘനമാണെന്ന് കാണിച്ചാണ് വിജിലന്‍സ് ഡയറക്ട്രേറുടെ നടപടി. ആം ആദ്മി പാര്‍ട്ടിയുടെ (എഎപി) പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് ബിഭാവ് കുമാറിനെ പുറത്താക്കിയതായി വിജിലന്‍സ് വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു. കുമാറിന്റെ നിയമപരമായ കുരുക്കുകളും നിയമനത്തിനുള്ള നടപടിക്രമങ്ങള്‍ പാലിക്കുന്നതിലെ ലംഘനവും വിശദമായി പരിശോധിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ തീരുമാനിച്ചതെന്ന് വകുപ്പ് കൂട്ടിച്ചേര്‍ത്തു.
ബിഭാവ് കുമാറിനെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറാണ് പിരിച്ചുവിടലിന് കാരണമെന്ന് വിജിലന്‍സ് ഡയറക്ടറേറ്റ് ചൂണ്ടിക്കാട്ടി. കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് വിഭവിനെതിരെ എഫ്‌ഐആര്‍ നിലവിലുണ്ട്. 2007ല്‍ നോയിഡയിലെ ഡെവലപ്മെന്റ് അതോറിറ്റിയില്‍ നിയമിതനായ മഹേഷ് പാല്‍ എന്നയാളാണ് കേസ് ഫയല്‍ ചെയ്തത്. ബിഭാവ് കുമാറും മറ്റ് മൂന്ന് പേരും ചേര്‍ന്ന് പരാതിക്കാരനായ പൊതുപ്രവര്‍ത്തകനെ തന്റെ ചുമതല നിര്‍വഹിക്കുന്നതില്‍ തടസ്സപ്പെടുത്തിയെന്നാണ് ആരോപണം.