Newsperseconds.com

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ സമരം അവസാനിക്കുന്നു; പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും

9 1

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരും മാനേജ്‌മെന്റും നടത്തിയ ചര്‍ച്ച വിജയം കണ്ടു. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണമെന്നുള്ള ആവശ്യം മാനേജ്‌മെന്റ് അംഗീകരിക്കുകയും ജീവനക്കാര്‍ സമരം പിന്‍വലിക്കാനുള്ള ധാരണയിലെത്തുകയും ചെയ്തു. ദില്ലി ദ്വാരകയിലെ ലേബര്‍ ഓഫീസില്‍ വെച്ചാണ് ചര്‍ച്ച നടന്നത്. ഉച്ചയ്ക്ക് രണ്ടരയ്ക്ക് തുടങ്ങിയ ചര്‍ച്ചയില്‍ വൈകിട്ടോടെയാണ് തീരുമാനമായത്. സമരത്തിനു ശേഷം പിരിച്ചു വിട്ട 30 ജീവനക്കാരെ തിരികെ എടുക്കണമെന്ന ആവശ്യം ശക്തമാക്കി സമരത്തിന് നേതൃത്വം നല്‍കുന്ന യൂണിയന്‍ ചര്‍ച്ചയില്‍ നിലപാടെടുത്തു.

ഡല്‍ഹി റീജനല്‍ ലേബര്‍ കമ്മീഷന്‍ ഇടപെട്ടായിരുന്നു ചര്‍ച്ച. ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പരിശോധിക്കാമെന്ന ഉറപ്പും മാനേജ്‌മെന്റ് നല്‍കിയിട്ടുണ്ട്. മുന്‍കൂട്ടി അറിയിക്കാത്ത ജോലിയില്‍ നിന്ന് വിട്ടുനിന്നത് അംഗീകരിക്കാന്‍ കഴിയാത്തതാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരെ പിരിച്ചുവിട്ടത്. ഇന്നലെ രാത്രി തന്നെ 25 ജീവനക്കാരെ പിരിച്ചുവിട്ട് കൊണ്ടുള്ള നോട്ടീസ് ഇ-മെയില്‍ മുഖേന അയച്ചതായി കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ന് വൈകുന്നേരം 4 മണിക്കകം ജോലിയില്‍ പ്രവേശിക്കണമെന്നും അല്ലെങ്കില്‍ നടപടി നേരിടേണ്ടി വരുമെന്നും മാനേജ്മെന്റ് ജീവനക്കാര്‍ക്ക് അന്ത്യശാസനം നല്‍കിയിരുന്നു. മുന്നറിയിപ്പ് നല്‍കാതെ സമരം നടത്തിയത് അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനി ജീവനക്കാരെ പിരിച്ചുവിട്ടത്. നൂറിലധികം ജീവനക്കാരുടെ മെഡിക്കല്‍ ലീവിന് പിന്നില്‍ കൂട്ടായ തീരുമാനം ഉണ്ടെന്നും പിരിച്ചുവിടല്‍ നോട്ടീസില്‍ കമ്പനി ചൂണ്ടിക്കാണിക്കുന്നു. രണ്ടാം ദിവസവും എയര്‍ ഇന്ത്യ സര്‍വ്വീസ് നടത്താത്തതിനാല്‍
15000 ലധികം യാത്രക്കാരെയാണ് ബാധിച്ചത്. ന്യായമായ കാരണങ്ങളില്ലാതെയും മുന്‍കൂട്ടി അറിയിക്കാതെയുമാണ് ജീവനക്കാര്‍ ജോലിയില്‍ നിന്ന് വിട്ടുനിന്നത്.

Share this Article

Leave a Comment