കോഴിക്കോട്: സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായെന്ന് യുവതി. എറണാകുളം വടക്കന്‍ പറവൂര്‍ സ്വദേശിനിയായ യുവതിയെയാണ് ഭര്‍ത്താവ് രാഹുല്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ജര്‍മനിയില്‍ എയ്റോനോട്ടിക്കല്‍ എഞ്ചിനീയറായ രാഹുല്‍ ചെയ്തത് ഇപ്പോഴും മറക്കാനാവില്ലെന്നാണ് യുവതി പറയുന്നത്. സ്ത്രീധനം കുറഞ്ഞുവെന്ന പേരിലാണ് രാഹുല്‍ ഭാര്യയെ അക്രമിച്ചത്. മര്‍ദിച്ചത് സ്ത്രീധനം ആവശ്യപ്പെട്ടാണെന്നും തലയിലും നെറ്റിയിലും മര്‍ദിച്ചെന്നും യുവതി പറഞ്ഞു. ചാര്‍ജറിന്റെ കേബിള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചു. രാഹുല്‍ ലഹരി ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നതായും യുവതി പറഞ്ഞു. തന്നെ ഭര്‍ത്താവ് രാഹുല്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടും വീട്ടുക്കാര് ആരും വഴക്കില്‍ ഇടപ്പെട്ടില്ലെന്നും യുവതി വ്യക്തമാക്കി. കോട്ടയം സ്വദേശികളായ രാഹുലും കുടുംബവും കുറച്ചുകാലം മുമ്പാണ് കോഴിക്കോട് പന്തീരങ്കാവില്‍ താമസം തുടങ്ങിയത്. മാട്രിമോണി വഴിയാണ് വിവാഹം നടന്നത്. വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച്ചക്കുള്ളിലാണ് യുവതിക്ക് കൊടിയ മര്‍ദ്ദനമേറ്റത്. യുവതിയുടെ പിതാവ് കൃത്യസമയത്ത് വീട്ടിലെത്തിയതിനാലാണ് യുവതിയെ രക്ഷപ്പെടുത്താനായതെന്ന് പിതാവ് പറഞ്ഞു. ഈ മാസം അഞ്ചിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇരുവരുടേയും വിവാഹം.
രാഹുലിന്റെ വീട്ടില്‍ വിരുന്നിന് ചെന്നപ്പോള്‍ യുവതിയെ പുറത്തേക്ക് കണ്ടില്ല. ഒരുപാട് സമയങ്ങള്‍ക്ക് ശേഷമാണ് പുറത്തേക്ക് വന്നത്. മോളെവിടെ എന്ന് ചോദിച്ചപ്പോള്‍ ഡ്രസ്സ് മാറുകയാണെന്നാണ് പറഞ്ഞത്. ഒരുപാട് സമയത്തിന് ശേഷം പെണ്‍കുട്ടി പുറത്തേക്ക് വന്നപ്പോള്‍ ആളെ തിരിച്ചറിയാന്‍ പറ്റാത്ത രീതിയിലായിരുന്നു മുഖം. നെറ്റിയാകെ മുഴച്ചിരുന്നു. മൂക്കില്‍ നിന്നും രക്തം വന്നതിന്റെ പാടുണ്ടായിരുന്നു. ആകെ പോടിച്ചായിരുന്നു യുവതി നില്‍ക്കുന്നത്. കുളിമുറിയില്‍ വീണതാണെന്നാണ് രാഹുലിന്റെ വീട്ടുകാര്‍ ആദ്യം പറഞ്ഞത്. തുടര്‍ന്ന് വീട്ടുകാര്‍ ഒരുപാട് തവണ ചോദിച്ചപ്പോഴാണ് പെണ്‍കുട്ടി കാര്യം പറഞ്ഞത്. സ്ത്രീധനം കുറഞ്ഞുപോയെന്ന പേരില്‍ രാഹുല്‍ മുഷ്ടി ചുരുട്ടി മുഖത്തടിക്കുകയും മേല്‍ച്ചുണ്ടും കീഴ്ച്ചുണ്ടും ശക്തിയായി പിടിച്ച് വലിക്കുകയും ചെയ്തു. കുനിച്ചു നിര്‍ത്തി പുറത്ത് ഇടിച്ചു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പുറകെ വന്ന് ബെല്‍റ്റ് കൊണ്ട് അടിച്ചു. മൊബൈല്‍ ചാര്‍ജര്‍ കൊണ്ട് കഴുത്തില്‍ മുറുക്കി. ഇതെല്ലാം നടന്നത് കല്ല്യാണം കഴിഞ്ഞ് 7ാമത്തെ ദിവസമാണ്. സംഭവത്തിന്റെ നടുക്കം മാറാതെ പെണ്‍കുട്ടി ഇപ്പോള്‍ ചികിത്സയിലാണ്.
എല്ലാ കാര്യങ്ങളും പൊലീസിനെ അറിയിച്ചിട്ടും മൊഴി പൂര്‍ണമായി രേഖപ്പെടുത്തിയില്ലെന്ന് യുവതി ആരോപിക്കുന്നു. പറഞ്ഞ പല കാര്യങ്ങളും റിപ്പോര്‍ട്ടില്‍ ഇല്ലെന്നും യുവതി വിശദീകരിച്ചു. ഇതിനിടെ പൊലീസിനെതിരെ യുവതിയുടെ കുടുംബം രംഗത്തുവന്നു. വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്കി. ക്രൂരമര്‍ദ്ദനത്തിന്റെ തെളിവുകള്‍ സഹിതം ഹാജരാക്കിയിട്ടും വകുപ്പുകള്‍ ചേര്‍ക്കുന്നതില്‍ ഉള്‍പ്പെടെ പോലീസ് വിട്ടുവീഴ്ച ചെയ്തതായാണ് ആരോപണം. സംഭവദിവസം പരാതി അറിയിക്കാന്‍ സ്റ്റേഷനില്‍ എത്തിയപ്പോഴും മോശം പെരുമാറ്റം നേരിടേണ്ടി വന്നതായും യുവതിയുടെ കുടുംബം പറഞ്ഞു.