കാസര്‍കോട്: വീട്ടില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയുടെ കമ്മലായിരുന്ന ലക്ഷ്യം. എന്നാല്‍, മോഷണത്തിനിടെ കുട്ടി ഉണരും എന്ന് കരുതിയാണ് തട്ടിക്കൊണ്ടുപോയത്. ബഹളം വെച്ച കുട്ടിയെ കൊന്നുകളുയും എന്ന് പ്രതി ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ആന്ധ്രയിലെ അഡോണിയില്‍ നിന്നാണ് പ്രതി പിടിയിലായത്. കുടക് നാപ്പോകിലെ പി എ സലീം ആണ് അറസ്റ്റിലായത്.
മെയ് 15നാണ് വീട്ടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. സംഭവശേഷം കടന്നുകളഞ്ഞ പ്രതി കഴിഞ്ഞ ദിവസമാണ് പൊലീസിന്റെ പിടിയിലായത്. സ്വന്തം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരുന്നതിനാല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പ്രതിയെ പിടികൂടാനായില്ല. അതേ സമയം, ഭാര്യയുടെ ഫോണിലേക്ക് മറ്റൊരു ഫോണില്‍ നിന്ന് വിളിച്ചതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. ബൈക്കില്‍ കറങ്ങി നടന്നാണ് കുറ്റകൃത്യം നടത്തുന്നതെന്നും പൊലീസ് പറഞ്ഞിരുന്നു. നേരത്തെ മാല പിടിച്ചു പറിച്ച കേസുകളും പോക്‌സോ കേസും ഇയാളുടെ പേരിലുണ്ട്.