കൊച്ചി: സംസ്ഥാനത്താകെ അതിശക്തമായ മഴ. പല പ്രദേശങ്ങളിലും വെള്ളം കയറിയതോടെ ജനജീവിതം ദുരിതത്തിലായി. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ എട്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 17 കുടുംബങ്ങളിലെ 66 പേരാണ് ക്യാമ്പുകളിലുള്ളത്. തിരുവനന്തപുരം, വര്‍ക്കല, കാട്ടാക്കട താലൂക്കുകളില്‍ രണ്ട് ക്യാമ്പുകള്‍ വീതവും നെയ്യാറ്റിന്‍കര, നെടുമങ്ങാട് താലൂക്കുകളില്‍ ഓരോ ക്യാമ്പുകള്‍ വീതവും പ്രവര്‍ത്തിക്കുന്നുണ്ട്.
ആലപ്പുഴ ജില്ലയിലെ 58 ദുരിതാശ്വാസ ക്യാമ്പുകളിലായി 2167 കുടുംബങ്ങളാണുള്ളത്. 2469 പുരുഷന്‍മാരും 2869 സ്ത്രീകളും 959 കുട്ടികളുമടക്കം 6297 പേര്‍ കഴിയുന്നു. നിലവില്‍ അമ്പലപ്പുഴ- 30, മാവേലിക്കര- 11, കാര്‍ത്തികപ്പള്ളി ഏഴ്, ചേര്‍ത്തല നാല്, കുട്ടനാട് മൂന്ന്, ചെങ്ങന്നൂര്‍ മൂന്ന് ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. അമ്പലപ്പുഴയില്‍ 1654 കുടുംബങ്ങളില്‍ നിന്നായി 4974 പേരാണ് ക്യാമ്പിലുള്ളത്. മാവേലിക്കരയില്‍ 164 കുടുംബങ്ങളില്‍ നിന്നായി 510 പേരും കാര്‍ത്തികപള്ളിയില്‍ 276 കുടുംബങ്ങളില്‍ നിന്നായി 580 പേരും ക്യാമ്പുകളില്‍ കഴിയുന്നു. ചേര്‍ത്തലയില്‍ 48 കുടുംബങ്ങളിലെ 150 പേരും കുട്ടനാട് 16 കുടുംബങ്ങളിലെ 50 പേരും ചെങ്ങന്നൂര്‍ ഒമ്പത് കുടുംബങ്ങളിലെ 33 പേരും ക്യാമ്പുകളില്‍ കഴിയുന്നു.
തിരുവനന്തപുരം താലൂക്കില്‍ ജിഎച്ച്എസ് കാലടി, നെടുമങ്ങാട് താലൂക്കില്‍ തേമ്പാമൂട് അങ്കണവാടി, വര്‍ക്കല താലൂക്കില്‍ മുട്ടള ജിഎല്‍പിഎസ്, കുളമുട്ടം ജിഎല്‍പിഎസ്, കാട്ടാക്കട താലൂക്കില്‍ കാപ്പിക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രം, ഉഴമലയ്ക്കല്‍ പഞ്ചായത്ത് ബഡ്സ് സ്‌കൂള്‍ എന്നിവിടങ്ങളിലാണ് പുതിയ ക്യാമ്പുകള്‍ തുറന്നത്. കൊച്ചിയിലും കനത്ത വെള്ളക്കെട്ടാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 83.7 മില്ലി മീറ്റര്‍ മഴയാണ് കൊച്ചിയില്‍ പെയ്തത്.