Newsperseconds.com

മലയാള സിനിമയിലെ കള്ളപ്പണ ഇടപാട്; മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കള്‍ക്കെതിരെ അന്വേഷണം ഊര്‍ജിതമാക്കണം; കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ പ്രദര്‍ശന വിജയം നേടിയ എല്ലാ ചിത്രങ്ങളുടേയും മുഴുവന്‍ സാമ്പത്തിക വിവരങ്ങളും ഇഡി കണ്ടെത്തണം; ഡോ. രാജീവ്‌മേനോന്‍

Untitled 1

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ നിര്‍മ്മാതാക്കള്‍ക്കെതിരെയുള്ള കേസിനെതിരെ പ്രതികരിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ഡോ.രാജീവ്മേനോന്‍. കേരളത്തിലെ സിനിമ- തിയേറ്റര്‍ മേഖലയില്‍ വലിയ തോതില്‍ കള്ളപ്പണ ഇടപാടുകള്‍ നടക്കുന്നുണ്ടെന്നും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കേരളത്തില്‍ നിര്‍മ്മിച്ച എല്ലാ വിജയ ചിത്രങ്ങളുടെയും നിര്‍മ്മാണച്ചെലവ് ഉള്‍പ്പെടെയുള്ള സാമ്പത്തിക വിവരങ്ങള്‍ ശേഖരിച്ച് കണ്ടെത്തണമെന്നും ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു. 2024ലെ ആദ്യ അഞ്ച് മാസങ്ങളില്‍ 720 കോടി രൂപയുടെ ബോക്സ് ഓഫീസ് കളക്ഷന്‍ മലയാളം സിനിമാ വ്യവസായം കൊയ്‌തെടുത്തു. റിപ്പോര്‍ട്ടുകള്‍ പ്രകാരം മഞ്ഞുമ്മേല്‍ ബോയ്സ്, ആടുജീവിതം, ആവേശം, പ്രേമലു എന്നീ നാല് മലയാള ചിത്രങ്ങള്‍ 100 കോടി കടന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന ചിത്രം കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിക്ക് മേല്‍ അന്വേഷണം നടക്കുന്ന വേളയില്‍ രണ്ടു നിര്‍മാതാക്കള്‍ കൂടി ഇ.ഡിക്ക് മുന്‍പാകെ വിവരങ്ങള്‍ സമര്‍പ്പിച്ചു. കളക്ഷന്‍ യാഥാര്‍ഥ്യത്തെക്കാള്‍ മുകളില്‍ ഉയര്‍ത്തിക്കാണിച്ചും, റേറ്റിങ് കൂടിയെന്ന നിലയില്‍ വരുത്തിത്തീര്‍ത്ത് പ്രേക്ഷകരെ തിയേറ്ററില്‍ എത്തിക്കാനും ഒരു ലോബി പ്രവര്‍ത്തിക്കുന്നതായി ഇവര്‍ കൈമാറിയ വിവരത്തില്‍ ഉള്‍പ്പെടുന്നുണ്ടെന്നും ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു.

അതേ സമയം, സിനിമ റിലീസാകും മുമ്പേ അവരുടെ കൈവശമെത്തുന്ന ലക്ഷക്കണക്കിന് രൂപയുടെ സൗജന്യ ടിക്കറ്റുകളില്‍ തുടങ്ങുന്നു ലോബിയുടെ പ്രവര്‍ത്തനം. കള്ളപ്പണം വെളുപ്പിക്കല്‍ ഉദ്ദേശത്തില്‍ എത്തുന്ന ചിത്രങ്ങളില്‍ ഇവരുടെ പങ്കാളിത്തമുണ്ടാകും. ഇത്രയും സിനിമയുടേതായി വിറ്റുപോയ ടിക്കറ്റുകള്‍ എന്ന് കാണിക്കുന്നതാണ് അടുത്ത പടി. ലോബിയുമായി സഹകരിക്കാത്ത നിര്‍മാതാക്കളുടെ സിനിമകള്‍ തിയേറ്ററില്‍ നിന്നും പുറത്താക്കാനും ശ്രമം നടക്കാറുണ്ടന്നൊണ് വിവരം. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമുകളിലും കള്ളക്കളി നടക്കുന്നതായി ഇ.ഡിക്ക് മുന്‍പാകെ ലഭിച്ച പരാതിയില്‍ പരാമര്‍ശമുണ്ട്. പ്രദര്‍ശനത്തിന് മണിക്കൂറുകള്‍ മുന്‍പ് ഹൗസ്ഫുള്ളായി കാണിക്കുന്ന സ്‌ക്രീനുകള്‍ പകുതിയിലേറെ ഒഴിഞ്ഞു കിടക്കുന്ന ചിത്രങ്ങള്‍ സഹിതമാണ് പരാതി. ഇതും ലോബിയുടെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുമെന്നാണ് പരാമര്‍ശം. മഞ്ഞുമ്മല്‍ ബോയ്സ് സിനിമയിലെ ലാഭവിഹിതം സംബന്ധിച്ച തര്‍ക്കങ്ങളാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള (പിഎംഎല്‍എ) അന്വേഷണത്തിന് തുടക്കമിട്ടത്. ബാക്കിയുള്ള എല്ലാ സിനിമകളുടേയും സാമ്പത്തിക ഇടപാടുകള്‍ ഇഡി അന്വേഷണം നടത്തണമെന്നും ഡോ.രാജീവ്‌മേനോന്‍ വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് മലയാള സിനിമാ മേഖലയില്‍ ശക്തമായ അന്വേഷണം വേണം. ഇതിന്റെ ഭാഗമായി കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ കേരളത്തില്‍ പ്രദര്‍ശന വിജയം നേടിയ എല്ലാ ചിത്രങ്ങളുടേയും മുഴുവന്‍ സാമ്പത്തിക വിവരങ്ങളും നിര്‍മ്മാണ ചെലവ് സംബന്ധിച്ച വിവരങ്ങളും ഇഡി ശേഖരിക്കണം. ഇഡി അന്വേഷണം ശക്തമാക്കിയാല്‍ മലയാള സിനിമയെ ഗുരുതര പ്രതിസന്ധിയിലേക്ക് നയിക്കുന്ന ഇടപെടല്‍ നടക്കുമെന്നും ഡോ.രാജീവ്‌മേനോന്‍ വ്യക്തമാക്കി.

Share this Article

Leave a Comment