ശ്രീനാരായണഗുരുവിന്റെ ശിഷ്യപരമ്പരയില്‍ പെട്ട സന്യാസിയും ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റും ആയിരുന്ന ശാശ്വതീകാനന്ദ സ്വാമിയുടെ 22-ാമത് സമാധി ദിനാചരണമാണ് ഇന്ന്. ഏറ്റവും പ്രായം കുറഞ്ഞ സന്വാസിയും ശ്രീ നാരായണ ഗുരുവിന്റെ ഉന്നതമായ ആദര്‍ശങ്ങളെ പ്രചരിപ്പിക്കുകയും ചെയ്ത ശാശ്വതീകാനന്ദ സ്വാമി ആലുവ പുഴയില്‍ മുങ്ങി മരിച്ചിട്ട് 22 വര്‍ഷങ്ങളായി. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ വിട്ടൊഴിഞ്ഞിട്ടില്ല. നിരവധി ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി കേസ് മുന്നോട്ട് പോകുകയാണ്. 2002 ജൂലൈ 1-ന് തിരുവനന്തപുരത്ത് നിന്ന് ആലുവ അദ്വൈതാശ്രമത്തില്‍ ശിവഗിരിയുടെ ഡയറക്ടര്‍ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ സ്വാമി ശാശ്വതീകാനന്ദ പെരിയാറില്‍ കുളിക്കാന്‍ ഇറങ്ങി. ഏറെ നേരം കഴിഞ്ഞിട്ടും അദ്ദേഹത്തെ കാണാതായതിനെത്തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് മുങ്ങിമരിച്ച നിലയില്‍ സ്വാമിയെ കണ്ടെത്തിയത്. ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമാണെന്ന് ഉന്നയിച്ച് പലരും രംഗത്ത് വന്നെങ്കിലും കൃത്യമായ അന്വേഷണം നടന്നില്ല. 22 വര്‍ഷം കഴിഞ്ഞിട്ടും മരണത്തിലെ ദുരൂഹത നീക്കാനായിട്ടില്ല. സത്യങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഉന്നതതല ഇടപെടല്‍ നടന്നതായി കുടുംബം ആരോപിച്ചിരുന്നു. കേസ് അട്ടിമറിക്കാന്‍ വേണ്ടിയാണ് അന്വേഷണം നീട്ടികൊണ്ടുപോയതെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

ശ്രീനാരായണ സ്ഥാപനങ്ങളിലെ അഴിമതി പരിശോധിക്കുന്നതില്‍ സ്വാമി വളരെ കര്‍ക്കശക്കാരനായിരുന്നു. അത് മഠമായാലും മറ്റ് അനുബന്ധ സംഘടനകളായാലും. പല നേതാക്കളുടേയും തനിനിറം സ്വാമിക്ക് അറിയാമായിരുന്നു. തട്ടിപ്പും വെട്ടിപ്പും നടത്തി യോഗ്യമല്ലാത്തിടത്ത് ഇരിക്കുന്നവരെ കുറിച്ച് സ്വാമിക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. എന്നാല്‍ മറ്റുള്ളവരെ വെറുക്കാന്‍ സ്വാമിക്ക് അറിയാത്തതിനാല്‍ പലരും അത് മുതലെടുത്തു. ശത്രുക്കളെ സ്നേഹിക്കുകയും നിരുപാധികം മറ്റുള്ളവരെ സഹായിക്കുകയും ചെയ്തിരുന്ന മഹാനാണ് സ്വാമി. അദ്ദേഹത്തിന്റെ ദുരൂഹമരണം സംബന്ധിച്ച് ശ്രീനാരായണീയരുടെ ഇടയില്‍ ഇന്നും നിരവധി സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കടലില്‍ പോലും നന്നായി നീന്തുന്ന വ്യക്തി എങ്ങനെയാണ് മുങ്ങിമരിക്കുന്നതെന്ന് അദ്ദേഹത്തിന്റെ കുടുംബം ചൂണ്ടിക്കാട്ടിയിരുന്നു. ഗുരുഭക്തരുടെ സംശയങ്ങള്‍ ദുരീകരിക്കേണ്ടത് സര്‍ക്കാറിന്റ ഉത്തരവാദിത്വമാണ്. അത് കൊണ്ട് തന്നെ സ്വാമിയുടെ മരണം സംബന്ധിച്ച് പുനരന്വേഷണം അനിവാര്യമാണ്. ശാശ്വതീകാനന്ദയുടെ മരണത്തില്‍ അസ്വഭാവികത സംശയിക്കപ്പെടുന്നതിനുള്ള ഘടകങ്ങള്‍ ഏറെയുണ്ട്. മൃതദേഹത്തിന്റെ നെറ്റിയില്‍ മുറിവുണ്ടായിരുന്നുവെന്നതാണ് ഒന്ന്. സ്വാമി പ്രകാശാനാന്ദയടക്കം പലരും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുങ്ങിമരിച്ച ഒരാളുടെ നെറ്റിയില്‍ മുറിവിനുള്ള സാധ്യത വിരളമാണ്. കേസില്‍ സമഗ്രമായ പുനരന്വേഷണം വേണം. സ്വാമിയുടെ കുടുംബവും നിരവധി രാഷ്ട്രീയ നേതാക്കളുമെല്ലാം വീണ്ടും അന്വേഷണം ആവശ്യപ്പെട്ടിരുന്നു.

തിരുവനന്തപുരത്തെ വര്‍ക്കലയിലെ ശിവഗിരി മഠത്തിന്റെ മുന്‍ ആത്മീയ ആച്യാരനായിരുന്നു സ്വാമി ശാശ്വതീകാനന്ദ. ഗുരുവിന്റെ ഉന്നതമായ ആദര്‍ശങ്ങളായ മതാതീത ആത്മീയത, വിശ്വമാനവികത എന്നിവ ജന്മനാട്ടിലും വിദേശത്തും പ്രചരിപ്പിക്കാനുള്ള പവിത്രമായ ദൗത്യത്തില്‍ സ്വാമി ശാശ്വതീകാനന്ദ ഏര്‍പ്പെട്ടു. ശ്രീ നാരായണ ഗുരുവിന്റെ പേരില്‍ പ്രചാരത്തിലുള്ള എല്ലാ പ്രസ്ഥാനങ്ങളെയും ഏകീകരിക്കുന്നതിലും അദ്ദേഹം ഏര്‍പ്പെട്ടിരുന്നു. ഗുരുദേവ ദര്‍ശനത്തിലെ ഏറ്റവും പ്രധാനപ്പെട്ടതായിട്ടുള്ള മതാതീത ആത്മീയത എന്ന തത്വ ദര്‍ശനത്തെ ഉയര്‍ത്തി കാട്ടി കൊണ്ടാണ് ജനഹൃദയങ്ങളില്‍ സ്വാമി കൂടുതല്‍ ശ്രദ്ധ പിടിച്ചു പറ്റിയത്. സ്വാമി എല്ലാവരേയും സ്നേഹിച്ചിരുന്നെങ്കിലും അദ്ദേഹത്തെ ശത്രുവായി കരുതിയവര്‍ ഏറെയുണ്ടായിരുന്നു. അദ്ദേഹം ശ്രീനാരായണ ഗുരുവിന്റെ യഥാര്‍ത്ഥ അനുയായിയായിരുന്നു. എല്ലാറ്റിനുമുപരിയായി അദ്ദേഹം ഒരിക്കലും തന്റെ ധാര്‍മ്മികതയില്‍ നിന്ന് വ്യതിചലിച്ചിട്ടില്ല. അതിനാല്‍ അദ്ദേഹത്തിന് ധാരാളം ശത്രുക്കള്‍ ഉണ്ടായിരുന്നു. മഠത്തിനുള്ളില്‍ വരെ അദ്ദേഹത്തിന് ശത്രുക്കള്‍ ഉണ്ടായിരുന്നുവെന്ന് മരണശേഷം ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മുന്‍ അന്വേഷണത്തില്‍ വീഴ്ചകള്‍ സംഭവിച്ചതായി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ദുരൂഹത നീക്കേണ്ട ബാധ്യത ഭരണകൂടത്തിനുണ്ട്. അത്തരം കേസുകള്‍ സമഗ്രമായ പുനഃരന്വേഷണത്തില്‍ കൊലപാകതമാണെന്ന് തെളിഞ്ഞ സംഭവങ്ങളും നമ്മുടെ മുമ്പിലുണ്ട്.