തിരുവനന്തപുരം: ആമയിഴഞ്ചാന്‍തോട് വൃത്തിയാക്കുന്നതിനിടെ ശുചീകരണ തൊഴിലാളി ജോയി മരണപ്പെട്ട സംഭവത്തില്‍ വാക്ക്‌പോരുകള്‍ മുറുകുന്നു. പ്രതിപക്ഷ നേതാവ് ഔചിത്യം കാണിച്ചില്ലെന്നും ദുരന്തത്തിനിടയിലും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചുവെന്നും വിമര്‍ശിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് രംഗത്തെത്തി. അപകടം നടന്നത് റെയില്‍വേയുടെ ഭൂമിയിലാണ്. സര്‍ക്കാരിനും നഗരസഭയ്ക്കും ഒന്നും ചെയ്യാനാകില്ല. എങ്കിലും എല്ലാ വിഝ സഹായങ്ങളും നല്‍കിയിട്ടുണ്ട്. രണ്ട് ദിവസം നീണ്ട എല്ലാ വിധ രക്ഷാദൗത്യത്തിനും സര്‍ക്കാര്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ജോയിയെ കണ്ടെത്താന്‍ മഹത്തായ രക്ഷാപ്രവര്‍ത്തനമാണ് നടന്നത്. രക്ഷാപ്രവര്‍ത്തകരെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം, മാലിന്യസംസ്‌കരണത്തിനായുള്ള യോഗത്തില്‍ റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരെത്തിയില്ലെന്നും എം ബി രാജേഷ് കുറ്റപ്പെടുത്തി. മാലിന്യനീക്കത്തില്‍ ഇനിയും റെയില്‍വേ സഹകരിച്ചില്ലെങ്കില്‍ കടുത്ത നടപടി സ്വീകരിക്കും. തിരുവനന്തപുരം നഗരത്തില്‍ ആറുമാസത്തിനകം മാലിന്യപ്രശ്നത്തില്‍ മാറ്റം വരുത്തുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.