കൊച്ചി: സംസ്ഥാനത്ത് രണ്ട് ദിവസമായുള്ള മഴയില്‍ വ്യാപക നാശനഷ്ടം. കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്തു. കണ്ണൂര്‍ മട്ടന്നൂരില്‍ സ്ത്രീ വെള്ളക്കെട്ടില്‍ വീണ് മരിച്ചു. കോളാരിയില്‍ കുഞ്ഞാമിന(51) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു അപകടം.
പാലക്കാട് വടക്കഞ്ചേരി കണ്ണമ്പ്ര കൊട്ടേക്കാട് വീട് തകര്‍ന്ന് അമ്മയും മകനും മരിച്ചു. കൊടക്കുന്ന് വീട്ടില്‍ സുലോചന(53), മകന് രഞ്ജിത്(32) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പ്രദേശത്ത് കനത്ത മഴയായിരുന്നു. തുടര്‍ന്ന് വീടിന്റെ ചുവര് ഇടിഞ്ഞുവീഴുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്. വടക്കഞ്ചേരി ഫയര്‍ഫോഴ്സ് യൂണിറ്റും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
പലയിടത്തും കാറ്റിലും മഴയിലും വീടുകള്‍ തകര്‍ന്ന് വീണതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആലത്തൂര്‍ പത്തനാപുരത്തെ താല്കാലിക നടപ്പാലം പൂര്‍ണമായും നിലം പൊത്തി. നേരത്തെ പാലത്തിന്റെ ഒരു വശം തകര്‍ന്ന് വീണിരുന്നു. ആലുവ തോട്ടക്കാട്ടുകര പെരിയാര്‍ ഫ്ളാറ്റിന് മുന്നില്‍ മരം വീണു. ജിസിഡിഎ റോഡിന് കുറുകെ ഇലക്ട്രിക് പോസ്റ്റിലേക്കാണ് മരം വീണത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. കനത്തമഴയില്‍ ആലുവ ശിവക്ഷേത്രം മുങ്ങി. പെരിയാര്‍ കരകവിഞ്ഞാണ് ക്ഷേത്രത്തിലും മണപ്പുറത്തും വെള്ളം കയറിയത്.