പത്തനംതിട്ട: സ്കൂളുകള്‍ക്ക് മഴ അവധി പ്രഖ്യാപിക്കാത്തതില്‍ പത്തനംതിട്ട ജില്ലാ കലക്ടറുടെ ഫേസ്ബുക്ക് പേജില്‍ കുട്ടികളുടെ അസഭ്യവര്‍ഷവും ആത്മഹത്യാ ഭീഷണി സന്ദേശവും. സ്കൂളിന് അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധി ഫോണ്‍കോളുകളാണ് കലക്ടര്‍ക്ക് വന്നത്. സന്ദേശങ്ങള്‍ അയക്കുന്നത് 15 വയസില്‍ താഴെയുള്ള കുട്ടികളാണ്. കലക്ടറുടെ ഓഫീഷ്യല്‍ ഫേസ് ബുക്ക് പേജിലും ഇന്‍സ്റ്റഗ്രാം പേജിലും മാത്രമല്ല പേഴ്സണല്‍ അക്കൗണ്ടില്‍ വരെ മെസേജുകളാണ്. അപേക്ഷയുടെ രീതി മാറി അസഭ്യം വരെ എത്തിയതോടെയാണ് സൈബര്‍ സെല്ലിനെ സമീപിച്ചത്.
സംഭവത്തെ തുടര്‍ന്ന് മോശം കമന്റ് ഇട്ട രണ്ട് വിദ്യാര്‍ഥികളുടെ അക്കൗണ്ട് സൈബര്‍ സെല്‍ വഴി കണ്ടെത്തി മാതാപിതാക്കളെ വിളിച്ചു വരുത്തി കലക്ടര്‍ എസ് പ്രേം കൃഷ്ണന് താക്കീതു ചെയ്തു. അവധി നല്‍കിയില്ലെങ്കില്‍ എന്റെ അവസാനത്തെ ദിവസമായിരിക്കും, അതിന് കലക്ടറായിരിക്കും ഉത്തരവാദി, അവധി തരാത്ത കലക്ടര്‍ രാജിവെക്കണം എന്നൊക്കെയാണ് കുട്ടികളുടെ സന്ദേശങ്ങളെന്ന് മാതാപിതാക്കളെ അറിയിച്ചു. സൈബര്‍ സെല്ലിന്റെ അന്വേഷണത്തിലാണ് സന്ദേശമയച്ചവരെല്ലാം പതിനഞ്ച് വയസില്‍ താഴെയുള്ളവരാണെന്ന് കണ്ടെത്തിയത്.
സന്ദേശങ്ങളയച്ച ചില സോഷ്യല്‍മീഡിയ ഐഡികള്‍ പരിശോധിച്ച് കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും വിളിച്ചുവരുത്തി മുന്നറിയിപ്പ് നല്കി. മാനദണ്ഡങ്ങളനുസരിച്ച് മാത്രമേ അവധി പ്രഖ്യാപിക്കാനാകുവെന്നും, അവധി കൊടുക്കേണ്ട സാഹചര്യം ഉണ്ടെങ്കില്‍ പരിശോധിച്ച് നല്‍കുമെന്നും കലക്ടര്‍ പ്രേം കൃഷ്ണന് പറഞ്ഞു.