Newsperseconds.com

അര്‍ജുന്‍ കാണാമറയത്ത്; കരയിലെയും പുഴയിലെയും മണ്ണ് മാറ്റി ഇന്ന് പരിശോധന നടത്തും; ഡീപ് സെര്‍ച്ച് മെറ്റല്‍ ഡിറ്റക്ടര്‍ സംവിധാനങ്ങള്‍ അടക്കം ഉപയോഗിക്കും

Capture

ബെംഗളൂരു: ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ഇന്ന് വീണ്ടും പിനരാരംഭിച്ചു. അര്‍ജുനെ കാണാതായിട്ട് ഇന്നേക്ക് ഏഴാമത്തെ ദിവസമാണ്. കരയിലെയും പുഴയിലെയും മണ്ണ് മാറ്റിയാണ് ഇന്ന് പരിശോധന നടത്തുക. അത്യാധുനിക സംവിധനങ്ങള്‍ ഉപയോഗിച്ചാവും തിരച്ചില്‍. സൈന്യത്തിന്റെ മേല്‍നോട്ടത്തിലാകും രക്ഷാദൗത്യം നടക്കുക. ഡീപ് സെര്‍ച്ച് മെറ്റല്‍ ഡിറ്റക്ടര്‍ സംവിധാനങ്ങള്‍ അടക്കം ഉപയോഗിക്കും. മണ്ണ് ഇടിഞ്ഞിടത്ത് ലോറി ഇല്ലെന്ന് പൂര്‍ണമായും ഉറപ്പാക്കിയ ശേഷം മാത്രമാകും ഈ ഭാഗത്തെ പരിശോധന നിര്‍ത്തുക. ഗംഗാവലി പുഴയിലേക്ക് ഇടിഞ്ഞുതാണ് കിടക്കുന്ന മണ്ണ് മാറ്റിയും പരിശോധന നടക്കും.

റോഡില്‍ ലോറിയില്ലെന്ന നിഗമനത്തിലേക്കാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തകര്‍ എത്തിയത്. മണ്ണിന്റെ പകുതിയോളം മാറ്റിയിട്ടും ലോറിയുണ്ടെന്ന് സിഗ്‌നല്‍ കാണിക്കുന്ന സ്ഥലത്ത് യാതൊന്നും കണ്ടെത്താനാവാത്തത് നിരാശയാണ് നല്‍കുന്നത്. ഇനി മണ്ണ് നീക്കം ചെയ്താല്‍ മണ്ണിടിച്ചില്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ പറഞ്ഞു. 98 ശതമാനം മണ്ണ് മാറ്റിയിട്ടും ഒന്നും കണ്ടെത്താനായില്ല. പുഴയിലും മണ്ണിടിച്ചില്‍ മൂലം വലിയ മണ്‍കൂനകള്‍ രൂപപ്പെട്ടിട്ടുണ്ട്. നാവിക സേനയും തെരച്ചില്‍ നടത്തുന്നു. സൈന്യം രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തതോടെ പ്രതീക്ഷയിലായിരുന്നു അര്‍ജുന്റെ കുടുംബം. എന്നാല്‍ മണ്ണിനടിയില്‍ അര്‍ജുന്റെ വാഹനമില്ലെന്ന് അറിഞ്ഞതോടെ കുടുംബം തളര്‍ന്നിരിക്കുകയാണ്. പത്ത് പേരായിരുന്നു അപകടത്തില്‍ പെട്ടത്. അര്‍ജുന്‍ അടക്കം മൂന്ന് പേരെയാണ് ഇനി കണ്ടെത്താനുള്ളത്. പുഴയിലെ പരിശോധന സങ്കീര്‍ണമായിരിക്കുമെന്നാണ് സൂചന. പുഴയിലെ മണ്‍കൂനകളിലും പരിശോധന നടത്താന്‍ എന്‍ഡിആര്‍എഫ് സംഘത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

അതേ സമയം, സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ദൃക്സാക്ഷി അഭിലാഷ് ഇന്നലെ രംഗത്തെത്തിയിരുന്നു. അങ്കോളയിലെ പഞ്ചര്‍ കടയില്‍ തന്റെ വാഹനത്തിന്റെ ടയര്‍ നന്നാകുന്നതിനിടെ വലിയ ഒരു ശബ്ദം കേട്ടുവെന്നും, നോക്കിയപ്പോള്‍ മണ്ണിടിച്ചിലില്‍ ഒരു ടാങ്കര്‍ ഗംഗാവലി നദിയിലേക്ക് ഒലിച്ചുപോവുന്നതായി കണ്ടുവെന്നുമാണ് അഭിലാഷ് പറയുന്നത്. എന്നാല്‍ അര്‍ജുന്‍ ഉണ്ടായിരുന്നെന്ന് പറയുന്ന ട്രക്ക് നദിയിലേക്ക് ഒഴുകി പോകുന്നതായി താന്‍ കണ്ടില്ലെന്നും അഭിലാഷ് പറഞ്ഞു. മണ്ണിടിച്ചില്‍ നടന്നതിന് നൂറ് മീറ്റര്‍ ഇപ്പുറത്താണ് പഞ്ചര്‍കട സ്ഥിതി ചെയ്തിരുന്നത്.

 

 

Share this Article

Leave a Comment