വയനാട്ടില്‍ അനധികൃതമായി കയ്യേറി സ്വന്തമാക്കിയ ഭൂമികളെല്ലാം പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണമെന്ന് ആര്‍പിഐ സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി ആര്.സി രാജീവ്ദാസ്. ഇന്ത്യന്‍ ഗവണ്മെന്റ് നിയമം അനുസരിച്ച് ഒരു വ്യക്തിക്ക് സ്വന്തമാക്കാന്‍ കഴിയുന്ന പരമാവധി പ്രദേശം ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമാണ്. കേരളത്തില്‍ 1963-ലെ കേരള ഭൂപരിഷ്കരണ നിയമം അനുസരിച്ച് ഒരാള്‍ക്ക് കൈവശം വയ്ക്കാവുന്ന പരമാവധി ഭൂവിസ്തൃതി, 15 ഏക്കറില്‍ കൂടുതല്‍ സ്വത്ത് കൈവശം വയ്ക്കാന്‍ പാടില്ല. നിലവില്‍ വ്യക്തിക്ക് 7.5 ഏക്കറും കുടുംബത്തിന് 15 ഏക്കറുമാണു പരമാവധി കൈവശം വയ്ക്കാവുന്നത്. 15 ഏക്കറില്‍ കൂടുതല്‍ സ്വത്ത് ഉണ്ടെങ്കില്‍ സര്‍ക്കാറിന് കണ്ടുകെട്ടാനുള്ള അവകാശമുണ്ട്. അല്ലെങ്കില്‍ കമ്പനികളുടെ പേരിലാണ് കൂടുതല്‍ ഭൂമി ഉണ്ടാകേണ്ടതെന്നാണ് നിയമം. വയനാട്ടില്‍ അനധികൃതമായി പലരും ഭൂമി സമ്പാദിച്ചിട്ടുണ്ടെന്നും അത് ഏത് വിധേനയാണ് സമ്പാദിച്ചിട്ടുള്ളതെന്ന് സര്‍ക്കാര്‍ കണ്ടെത്തണമെന്നും ആര്.സി രാജീവ്ദാസ് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്കും റവന്യൂമന്ത്രിക്കും ഇത് സംബന്ധിച്ച് നിവേദനം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
വനമേഖലയിലെ കൈയേറ്റവും അനധികൃത കെട്ടിട നിര്‍മാണവും പ്രകൃതിചൂഷണവുമെല്ലാം വയനാട്ടിലെ ദുരന്തത്തിനു പിന്നിലുണ്ട്. വയനാട്ടിലെ ആദിവാസികളുടെ ഭൂമി പലരും കയ്യേറുന്നത് അധികൃതരുടെ പിടിപ്പ്കേട് മൂലമാണ്. കഴിഞ്ഞ നീണ്ടവര്ഷക്കാലമായി വനഭൂമി സംബന്ധിച്ച് ആദിവാസി സമൂഹം സമരം നടത്തിവരികയാണ്. ഇത്തരത്തില്‍ ഭൂമി കയ്യേറിയവരെ പിടിച്ചെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. വന്‍കിട വ്യവസായികള്‍ക്കും സിനിമാ താരങ്ങള്‍ക്കും ഏക്കര്‍കണക്കിന് ഭൂമിയാണ് വയനാട്ടില്‍ ഉണ്ടെന്ന് പറയപ്പെടുന്നത്. ആദിവാസികളുടെ ഭൂപ്രശ്നത്തിന് മാറി മാറി വരുന്ന സര്‍ക്കാര്‍ പരിഹാരം കാണുന്നില്ല. വയനാടുള്‍പ്പെടെയുള്ള മേഖലകളില്‍ ഏറ്റെടുത്ത ഏക്കറ് കണക്കിന് ഭൂമി താമസക്കാരോ മേല്‍നോട്ടക്കാരോ ഇല്ലാതെ നശിച്ച് പോകുകയാണ്. കാട്ടിനുള്ളിലും കാടിനു പുറത്തുമായി കഴിയുന്ന ഭൂരഹിതരായ ആദിവാസികള്‍ കാലവര്‍ഷം വരുന്നതോടെ കടുത്ത ദുരിതം പേറേണ്ട അവസ്ഥയിലാണിപ്പോള്‍. വയനാട്ടിലെ വനഭൂമി സംബന്ധിച്ച് സര്‍ക്കാര്‍ സമഗ്ര അന്വേഷണം നടത്തണം. അധികാരികള്‍ ഇതില്‍ അലംഭാവം കാണിച്ചാല്‍ നടപടികളുമായി മുന്നോട്ട് പോകാനാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നതെന്നും ആര്.സി രാജീവ്ദാസ് പറഞ്ഞു.