ദുരന്തബാധിതരുടെ പുനരധിവാസത്തിനായി 2000 കോടിയുടെ കേന്ദ്രസഹായം ആവശ്യപ്പെടേണ്ടതില്ലെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി ആര്.സി രാജീവ്ദാസ്. വയനാട് ഉരുള്‍പൊട്ടലില്‍ പ്രാഥമിക കണക്ക് പ്രകാരം 1,200 കോടി രൂപയുടെ നഷ്ടമാണുണ്ടായതെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചത്. 1,555 വീടുകള്‍ പൂര്‍ണമായും വാസയോഗ്യമല്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്
എന്നാല്‍ എല്ലാ റിപ്പോര്‍ട്ടുകള്‍ പ്രകാരവും 400 ഓളം വീടുകളാണ് പൂര്‍ണ്ണമായും നശിച്ചിട്ടുള്ളത്. 30 ലേറെ വീടുകളാണ് അവശേഷിക്കുന്നത്. സര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചിരിക്കുന്ന കണക്കുകള്‍ അടിസ്ഥാന രഹിതമാണെന്നും കേന്ദ്ര ഏജന്‍സികളെ കൊണ്ട് പരിശോധിക്കപ്പെടണമെന്നും ആര്.സി രാജീവ്ദാസ് വ്യക്തമാക്കി.
ദുരിതബാധിതര്‍ക്ക് 600 ലേറെ വീടുകള്‍ പുനര്‍നിര്‍മിക്കേണ്ടി വന്നാലും, 75 ലക്ഷം വെച്ച് ഓരോ കുടുംബങ്ങള്‍ക്ക് നല്കിയാലും 450 കോടിയുടെ ചിലവ് മാത്രമാണ് വയനാട്ടിലെ പുനര്‍നിര്‍മ്മാണത്തിന് ആവശ്യം വരുന്നത്. അതോടൊപ്പം 250 കോടി മുടക്കി നഷ്ടപ്പെട്ട കെട്ടിടങ്ങളും സ്കൂളുകളും റോഡും കടകളുമെല്ലാം പുനര്‍നിര്‍മ്മിച്ചാലും 800 കോടിയുടെ അടുത്താണ് കണക്കുകള്‍ എത്തുന്നത്. മുഴുവന്‍ നഷ്ടങ്ങള്‍ നികത്തിയാലും 1000 കോടിയെത്താതെ പുനര്‍നിര്‍മ്മാണം നടത്താം. കൂടാതെ, കോണ്‍ഗ്രസ് 100 വീടുകള്‍, കര്‍ണ്ണാടക 100 വീടുകള്‍, റിപ്പോര്‍ട്ടര്‍ ടിവി 150 വീടുകള്‍, ഗോകുലം ഗോപാലന് 25 വീട്, എച്ച്ആര്‍ഡിഎസ് നൂറിലേറെ വീടുകള്‍, നൂറ് പേര്‍ക്ക് വീട് വെക്കാന്‍ ബോച്ചെ നല്കുന്ന ഏക്കര്‍കണക്കിന് ഭൂമി തുടങ്ങി കണക്കുകളുടെ നിര നീണ്ടതാണ്. ചലച്ചിത്ര രാഷ്ട്രീയ വ്യവസായ രംഗത്തെ നിരവധി പ്രമുഖരും ദുരിതാശ്വാസ നിധിയിലേക്ക് കോടികള്‍ നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാന്‍ കേരളം ഒറ്റക്കെട്ടായി സഹായിക്കുമ്പോള്‍ ഏത് കണക്കിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ രണ്ടായിരം കോടിയുടെ ധനസഹായം കേന്ദ്രത്തില്‍ നിന്ന് ആവശ്യപ്പെട്ടതെന്നും ആര്.സി രാജീവ്ദാസ് ചോദിച്ചു. ദുരന്തബാധിത മേഖലയുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 2000 കോടിയുടെ പ്രൊജക്ടിനെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും ആര്.സി രാജീവ്ദാസ് പറഞ്ഞു. 2000 കോടി കൊണ്ട് വയനാടിനെയാകെ മാറ്റിമറിക്കുന്ന രീതിയിലുള്ള മാറ്റങ്ങള്‍ കൊണ്ടുവരാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യാതൊരുവിധ വ്യക്തതയുമില്ലാത്ത കണക്കുകളാണ് കോടതിക്ക് മുമ്പില്‍ സര്‍ക്കാര്‍ അവതരിപ്പിച്ചത്. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല. ഇതില്‍ സമഗ്ര അന്വേഷണം ഉണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ കൊടുത്തിരിക്കുന്ന കണക്ക് വിശദമായി പരിശോധിക്കപ്പെടേണ്ടതാണ്. പുനരധിവാസത്തിനായി 800 കോടിക്ക് മേലെ പോകില്ലെന്നും അദ്ദേഹം പറഞ്ഞു. കോടതിയുടെ ഭാഗത്ത് നിന്നും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇതിനെതിരെ ഇടപെടല്‍ ഉണ്ടാകണമെന്നും സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കുമെന്നും ആര്.സി രാജീവ്ദാസ് പറഞ്ഞു. പുനഃരധിവാസം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ കാര്യക്ഷമമായുള്ള അന്വേഷണം വേണം. ദുരിത ബാധിതരുടെ താല്കാലിക പുനരധിവാസം വേഗത്തില്‍ പൂര്‍ത്തിയാക്കണം. ബന്ധുവീടുകളിലേക്ക് പോകുന്നവര്‍ക്കും സര്‍ക്കാര്‍ സഹായം നല്‍കണം. നാശനഷ്ടങ്ങളുടെ കണക്കിനേക്കാളും ഇരട്ടിയാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ട സഹായതുക. ഈ തുകയുടെ ആവശ്യമില്ലെന്നും ഇതിനെതിരെ കേന്ദ്ര ഏജന്‍സികള്‍ അടക്കം അന്വേഷണം നടത്തണമെന്നും ആര്.സി രാജീവ്ദാസ് പറഞ്ഞു.