Newsperseconds.com

ദുരിതബാധിതരുടെ പോക്കറ്റില്‍ കയ്യിട്ടുവാരിയ ഗ്രാമീണബാങ്കിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹം; ഈടും വസ്തുവകകളും നഷ്ടമായവരുടെ ബാധ്യതകള്‍ ഉടന്‍ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് ആര്‍പിഐ സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി ആര്‍.സി രാജീവ്ദാസ്

Untitled 1

വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ധനസഹായത്തില്‍ നിന്നും കയ്യിട്ടുവാരിയ ഗ്രാമീണ ബാങ്കിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമെന്ന് ആര്‍പിഐ സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി ആര്‍.സി രാജീവ്ദാസ്. ദുരിതത്തിനിടയില്‍ ഇഎംഐ പിടിച്ച കേരള ഗ്രാമീണ്‍ ബാങ്കിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആര്‍.സി രാജീവ്ദാസ് പറഞ്ഞു. ദുരിത ബാധിതരുടെ സാമ്പത്തിക ബാധ്യതകളില്‍ മനുഷ്യത്വപരമായ സമീപനമാണ് വേണ്ടത്. ഈടും വസ്തുവകകളും നഷ്ടമായവരുടെ ബാധ്യതകള്‍ എഴുതിത്തള്ളുകയോ വായ്പകള്‍ക്ക് മൊറൊട്ടോറിയം ഏര്‍പ്പെടുത്തുകയോ ചെയ്യേണ്ട സ്ഥാനത്താണ് ഗ്രാമീണ ബാങ്ക് ഇത്രയും വലിയ നെറികേട് കാണിച്ചിരിക്കുന്നതെന്നും ആര്‍.സി രാജീവ്ദാസ് വിമര്‍ശിച്ചു.

കേരള ബാങ്ക് ദുരിതബാധിതരുടെ മുഴുവന്‍ വായ്പയും എഴുതിത്തള്ളി മാതൃകയായപ്പോഴാണ് ഗ്രാമീണ്‍ ബാങ്കിന്റെ ദ്രോഹനടപടി. സംസ്ഥാനത്തുള്ള ഗ്രാമീണ ബാങ്കിന്റെ ബ്രാഞ്ചുകളിലെല്ലാം കഴുത്തറുക്കുന്ന പലിശയിലാണ് ലോണുകള്‍ കൊടുക്കുന്നത്. ഉപഭോക്താക്കളോട് യാതൊരുവിധ മനസ്സാക്ഷിയുമില്ലാത്ത നിലപാടാണ് ഗ്രാമീണ ബാങ്ക് ഇപ്പോള്‍ സ്വീകരിച്ചത്. എല്ലാം നഷ്ടപ്പെട്ട് വഴിയാധാരമായിട്ടും ദുരിതബാധിതരോട് ഇഎംഐ പിടിച്ച നടപടിയില്‍ ബാങ്കിനെതിരെ സംസ്ഥാനതല ബാങ്കിങ് സമിതി തീരുമാനമെടുക്കണമെന്നും ആര്‍.സി രാജീവ്ദാസ് ആവശ്യപ്പെട്ടു. ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ പതിനായിരം രൂപയുടെ സഹായ ധനത്തില്‍ നിന്നും മൂന്നുപേരുടെ ഇഎംഐ പിടിച്ചതായിട്ടാണ് ബാങ്ക് ജീവനക്കാര്‍ അറിയിച്ചത്. മനസ്സാക്ഷി ഒട്ടുമില്ലാത്ത ഈ പ്രവൃത്തി അംഗീകരിക്കാനാവില്ലെന്നും ഗ്രാമീണ ബാങ്കിനെതിരെ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്നും ആര്‍.സി രാജീവ്ദാസ് പറഞ്ഞു.

Share this Article

Leave a Comment