ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്ന് സിനിമ മേഖല ആളിക്കത്തിയിട്ടും ഒരക്ഷരം മിണ്ടാതെ മലയാളത്തിന്റെ താരരാജാക്കന്മാര്. മലയാള സിനിമാ രംഗത്ത് കോളിളക്കം സൃഷ്ടിച്ച റിപ്പോര്‍ട്ടില്‍ പത്ത് ദിവസമായിട്ടും മൗനം പാലിച്ചിരിക്കുന്ന താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും സാമൂഹ്യമാധ്യമങ്ങളിലൂടെ കടുത്ത വിമര്‍ശനമാണ് നേരിടുന്നത്. കാത്തിരുന്ന വാര്‍ത്താസമ്മേളനത്തിന് വിരാമമിട്ടായിരുന്നു നടന് മോഹന്‍ലാലിന്റെ രാജി. ആര്‍ക്കും പിടി കൊടുക്കാതെ അമ്മയുടെ പ്രസിഡന്റ് സ്ഥാനം രാജിവെച്ച് മോഹന്‍ലാല്‍ ഓടിയൊളിച്ചത് തികച്ചും അപ്രതീക്ഷിതമായിരുന്നു. ഏത് കാര്യത്തിനും ഇടതുപക്ഷ- പുരോഗമന നിലപാട് സ്വീകരിക്കുന്ന നടന് മമ്മൂട്ടിയെ സോഷ്യല്‍മീഡിയയില്‍ എവിടെയും കാണാനില്ല. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രം തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളില്‍ സജ്ജീവമായ മമ്മൂട്ടി ഇതുവരെ എവിടെയും ഒരു പോസ്റ്റ് പോലും ഇട്ടിട്ടില്ല. സംഭവത്തിനെതിരെ കേരളത്തിലെ സിനിമ രാഷ്ട്രീയ മേഖലയിലെ പ്രമുഖരെല്ലാം പ്രതികരിച്ചിട്ടും സൂപ്പര്‍താരങ്ങള്‍ക്ക് കുലുക്കമില്ല.
ഈ മാസം 17 നാണ് ഏറ്റവും ഒടുവില്‍ മമ്മൂട്ടി സമൂഹ്യമാധ്യമ അക്കൗണ്ടുകളില്‍ പോസ്റ്റിട്ടത്. ദിവസവും ആക്ടീവായിട്ടുള്ള അക്കൗണ്ടുകള്‍ ഇപ്പോള്‍ നിശ്ചലമാണ്. അവസാനത്തെ പോസ്റ്റുകള്‍ക്ക് താഴെ കമന്റുകള്‍ കൊണ്ട് മമ്മൂട്ടിയെ വിമര്‍ശിക്കുന്നവരാണ് പലരും. സഹപ്രവര്‍ത്തകരുടെ പേരില്‍ ഗുരുതര ലൈംഗികാരോപണങ്ങള്‍ വന്നിട്ടും ഒരക്ഷരം പോലും മിണ്ടാത്ത നടപടിയെ സാമൂഹ്യ മാധ്യമ ലോകം വിമര്‍ശിക്കുകയാണ്. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോടൊന്നും പ്രതികരിക്കാന്‍ സൂപ്പര്‍ സ്റ്റാറുകള്‍ തയ്യാറാകുന്നില്ല. സിനിമാ മേഖലയിലെ സ്ത്രീ പീഡനങ്ങള്‍ തുറന്നുകാട്ടുന്ന ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാന്‍ താരങ്ങള്‍ ഭയക്കുന്നത് എന്തിനെന്നാണ് ആരാധകരുടെ ചോദ്യം. കോരിതരിക്കുന്ന ഡയലോഗുകള്‍ സിനിമയില്‍ മാത്രം പറഞ്ഞാല്‍ പോരായെന്നും കമന്റുകള്‍ ഉണ്ട്. താരരാജക്കന്മാരെന്ന് മലയാള സിനിമാലോകം ഒന്നടങ്കം വിളിച്ച ‘ബിഗ് എം’ അഥവാ മമ്മൂട്ടിയും മോഹന്‍ലാലും വനവാസത്തിലോ അതോ മൗനവ്രതത്തിലോ എന്നും ചോദ്യമുയരുന്നുണ്ട്. എന്നാല്‍ നിരവധി താരങ്ങളാണ് തങ്ങളുടേതായ അഭിപ്രായങ്ങളുമായി സോഷ്യല്‍മീഡിയയിലൂടെ പ്രതികരിച്ചത്.
റിപ്പോര്‍ട്ടില്‍ അന്വേഷണം വേണമെന്ന് നടന് പൃഥ്വിരാജ് പ്രതികരിച്ചിരുന്നു. അന്വേഷണത്തിനൊടുവില്‍ കുറ്റകൃത്യങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ മാതൃകാപരമായ ശിക്ഷാ നടപടികള്‍ ഉണ്ടാകണം. അങ്ങനെ മാത്രമെ ഇതിന് അവസാനം ഉണ്ടാക്കാന്‍ സാധിക്കൂവെന്ന് പൃഥ്വിരാജ് തന്റെ നിലപാട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് ശേഷം ഷമ്മി തിലകന്, ജയന് ചേര്‍ത്തല, രേവതി, പ്രേംകുമാര്‍, രചന നാരായണന്‍കുട്ടി, ഇന്ദ്രന്‍സ്, ടൊവിനോ തുടങ്ങി നിരവധി താരങ്ങള്‍ നേരിട്ടും സാമൂഹ്യ മാധ്യമങ്ങളിലൂടെയും തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരുന്നു.