കൊച്ചി: ലൈംഗികാതിക്രമ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ നടന്‍ സിദ്ദിഖിനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ച് എസ്‌ഐടി. താരം ഒളിവില്‍ പോയതായാണ് സംശയിക്കുന്നത്. ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ നടന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ സിദ്ദിഖിന്റെ അറസ്റ്റിന് സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ രാജ്യം വിടാതിരിക്കാന്‍ കൂടിയാണ് വിമാനത്താവളത്തില്‍ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.
അതിനിടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി നടപടിക്കെതിരെ അഭിഭാഷകന്‍ വഴി സിദ്ദിഖ് സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങുന്നുവെന്ന വിവരങ്ങളും പുറത്തേക്ക് വരുന്നുണ്ട്. വിധി ന്യായത്തിന്റെ പകര്‍പ്പ് ലഭിക്കുന്ന മുറയ്ക്ക് സുപ്രിംകോടതിയെ സമീപിക്കാനാണ് നടന്റെ നീക്കം.
2017ല്‍ നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപിന് വേണ്ടി ഹാജരായ ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ബി രാമന്‍പിള്ളയുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘമാണ് സിദ്ദിഖിന് വേണ്ടി ഹാജരായത്.