കളമശ്ശേരി സ്ഫോടന കേസ് പ്രതി ഡൊമിനിക് മാർട്ടിനുമായി ഇന്നും തെളിവെടുപ്പ് തുടരും. പ്രതി ബോംബ് നിർമ്മിച്ച സ്ഥലത്തും മുൻപ് വാടകയ്ക്ക് താമസിച്ചിരുന്ന ഇടങ്ങളിലുമാകും ഇന്ന് തെളിവെടുപ്പ് നടത്തുക. നിലവിൽ 10 ദിവസത്തെ കസ്റ്റഡിയിലാണ് ഡൊമിനിക് മാർട്ടിൻ.
ഇന്നലെ നടത്തിയ തെളിവെടുപ്പിൽ കൺവെൻഷൻ സെന്ററിലേക്ക് ബോംബ് കൊണ്ടുവന്നതിനെ കുറിച്ചും സീറ്റുകൾക്കടിയിൽ ബോംബ് സ്ഥാപിച്ചത് എങ്ങനെയെന്നും പ്രതി അന്വേഷണ ഉദ്യോഗസ്ഥരോട് വിശദീകരിച്ചിരുന്നു. കൺവെൻഷൻ സെന്ററിൽ വച്ച് ചോദ്യം ചെയ്തപ്പോഴും താൻ ഒറ്റയ്ക്കാണ് കുറ്റകൃത്യം ആസൂത്രണം ചെയ്തത് എന്നാണ് പ്രതി അന്വേഷണം ഉദ്യോഗസ്ഥരോട് പറഞ്ഞത്. എന്നാൽ പ്രതിയുടെ ഈ മൊഴി പൂർണമായും അന്വേഷണസംഘം വിശ്വാസത്തിലെടുത്തിട്ടില്ല.
അതേസമയം, കളമശ്ശേരി സ്ഫോടനത്തിൽ മരണം നാലായി. തായിക്കാട്ടുക്കര സ്വദേശി മോളി ജോയാണ് ചികിത്സയിലിരിക്കെ എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെ മരിച്ചത്. ജോയ്ക്ക് സ്ഫോടനത്തിൽ എൺപത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു.
ഒക്ടോബർ 29നാണ് കേരളത്തെ നടുക്കിയ കളമശേരി ബോംബ് സ്ഫോടനം നടക്കുന്നത്. രണ്ടായിരത്തിലധികം പേർ പങ്കെടുത്ത പരിപാടിക്കിടെയാണ് സ്ഫോടനമുണ്ടായത്. പ്രാർത്ഥന നടക്കുന്ന സമയത്ത് കൻവെൻഷൻ സെന്ററിനകത്ത് നാലിടങ്ങളിലായാണ് പൊട്ടിത്തെറിയുണ്ടാവുകയായിരുന്നു. മൂന്ന് ദിവസത്തെ കൻവെൻഷൻ അവസാനിക്കാനിരിക്കെയാണ് സ്ഫോടനം ഉണ്ടായത്. പൊലീസ് അന്വേഷണത്തിനിടെ പ്രതി ഡൊമിനിക്ക് മാർട്ടിൻ പൊലീസിൽ കീഴടങ്ങുകയായിരുന്നു.