Newsperseconds.com

ഏഴാം വയസില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ടു; രാജേശ്വരിയെന്ന പെണ്‍കുട്ടിക്ക് തുണയായത് മുസ്ലീം ദമ്പതികള്‍; 22-ാം വയസ്സില്‍ വരനെ കണ്ടെത്തി ക്ഷേത്രത്തില്‍ വെച്ച് വിവാഹം; ജാതിമത അതിര്‍വരമ്പുകള്‍ കടന്ന് മാനവ സ്‌നേഹത്തിന് ഉത്തമ മാതൃക

Untitled 1

ഏഴാം വയസില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട് ആരോരുമില്ലാതായ രാജേശ്വരിയെന്ന പെണ്‍കുട്ടിയെ ഏറ്റെടുത്ത് വളര്‍ത്തി അവളുടെ വിശ്വാസപ്രകാരം വിവാഹം നടത്തിക്കൊടുത്ത് മുസ്ലീം ദമ്പതികള്‍. കാഞ്ഞങ്ങാട്ടെ അബ്ദുള്ള-ഖദീജ ദമ്പതികളാണ് ജാതിമത അതിര്‍വരമ്പുകള്‍ കടന്ന് മാനവ സ്‌നേഹത്തിന് ഉത്തമ മാതൃകയായി മാറിയത്. രാജേശ്വരിയുടെ അമ്മയും അച്ഛനും മരണപ്പെട്ടതോടെ അവളെ ഏറ്റെടുത്ത് വളര്‍ത്തിയത് ഖദീജയും അബ്ദുള്ളയുമാണ്. സ്വന്തം മകളെ പോലെ എല്ലാ സുഖസൗകര്യങ്ങളിലുമാണ് രാജേശ്വരി വളര്‍ന്നത്. വളര്‍ത്തി വലുതാക്കി വിദ്യാഭ്യാസവും നല്‍കി 22-ാം വയസ്സില്‍ രാജേശ്വരിക്ക് അനുയോജ്യനായ വരനെ കണ്ടെത്തി കൈപിടിച്ചേല്‍പ്പിച്ചിരിക്കുകയാണ് ദമ്പതികള്‍. ഖദീജയുടേയും അബ്ദുള്ളയുടേയും കാലില്‍ വീണ് രാജേശ്വരി അനുഗ്രഹം വാങ്ങിക്കുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

അനുയോജ്യനായ വരനെ കണ്ടെത്തി കാഞ്ഞങ്ങാട്ടെ മാന്യോട്ട് ക്ഷേത്രത്തില്‍ വെച്ചാണ് ഹിന്ദു ആചാരപ്രകാരം വിവാഹം നടത്തിയത്. അതിഥികള്‍ക്ക് സമൃദ്ധമായ സദ്യയും നല്‍കി ചടങ്ങ് മംഗളമാക്കി യാണ് അബ്ദുള്ള തന്റെ പിതൃകര്‍ത്തവ്യം പൂര്‍ത്തീകരിച്ചത്. വിഷ്ണു പ്രസാദിന്റെ കൈയ്യില്‍ മകളെ നിറഞ്ഞ മനസ്സോടെയാണ് ഖദീജയും അബ്ദുള്ളയും ഏല്‍പ്പിച്ചത്. മക്കള്‍ ഷമീമും നജീബും ഷെരീഫും വരന്‍ വിഷ്ണു പ്രസാദിനെ സഹോദരന്മാരുടെ സ്ഥാനത്ത് നിന്ന് ചന്ദനം തൊട്ട് സ്വീകരിച്ച് കതിര്‍ മണ്ഡപത്തിലേക്ക് ആനയിച്ചാണ് ചടങ്ങുകള്‍ക്ക് തുടക്കമിട്ടത്. വിവാഹാനന്തരം വരന്റെ ഗൃഹത്തിലേക്ക് യാത്ര തിരിച്ച രാജേശ്വരിയെ നിറകണ്ണുകളോടെയാണ് അബ്ദുള്ളയുടെ കുംടുംബവും ബന്ധുക്കളും യാത്രയാക്കിയത്. മാതൃകാ സമ്പന്നമായ സത്പ്രവൃത്തിക്കാണ് മാന്യോട്ട് ക്ഷേത്രം സാക്ഷ്യം വഹിച്ചത്.

Share this Article

Leave a Comment