പെരിയാര്‍ കടുവാസങ്കേതത്തില്‍ നിന്നും പമ്പാവാലി/ഏയ്ഞ്ചല്‍വാലി സെറ്റില്‍മെന്റുകളിലെ 502.723 ഹെക്ടര്‍ ജനവാസമേഖല ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന വന്യജീവി ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. ഇതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ട അധിക വിവരങ്ങള്‍ ഉള്‍പ്പെടെ ചേര്‍ത്ത് ശുപാര്‍ശ സമര്‍പ്പിക്കും. ഈ മാസം 9ന് ചേരുന്ന ദേശീയ വന്യജീവി ബോര്‍ഡ് യോഗത്തില്‍ ഇക്കാര്യം പരിഗണിക്കാനായാണ് അടിയന്തിരമായി മുഖ്യമന്ത്രി യോഗം വിളിച്ചത്.
തട്ടേക്കാട് പക്ഷി സങ്കേതത്തില്‍ നിന്ന് 8.9725 ച.കി.മീ. ജനവാസമേഖല ഒഴിവാക്കി മൂന്നാര്‍ ഡിവിഷനില്‍ നിന്ന് 10.1694 ച.കി.മീ. റിസര്‍വ് വനമേഖല പക്ഷി സങ്കേതത്തില്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദ്ദേശവും ദേശീയ വന്യജീവി ബോര്‍ഡ് സ്റ്റാന്റിംഗ് കമ്മിറ്റിയുടെ അംഗീകാരം ലഭ്യമാക്കുവാന്‍ വീണ്ടും ശുപാര്‍ശ ചെയ്യും. യോഗത്തില്‍ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍, എംഎല്‍എമാരായ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, വി ശശി, അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍, വനം വകുപ്പ് മേധാവി ഗംഗ സിംഗ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.