Newsperseconds.com

ഓം പ്രകാശിനെതിരായ ലഹരിക്കേസ്; കൊച്ചിയിലെ ഹോട്ടലില്‍ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും എത്തിയതായി റിപ്പോര്‍ട്ട്

Untitled 1

കൊച്ചി: കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓം പ്രകാശിനെതിരായ ലഹരിക്കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും. കൊച്ചിയില്‍ ഇയാള്‍ ബുക്ക് ചെയ്ത മുറിയില്‍ ഇരുവരും എത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ബോബി ചലപതി എന്നയാളുടെ പേരിലാണ് മുറി ബുക്ക് ചെയ്തത്. ഇരുപതോളം പേര്‍ മുറിയിലെത്തിയിട്ടുണ്ട്. മുറിയിലെത്തിയ ആളുകളെ ചോദ്യം ചെയ്യണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം.

ലഹരിവസ്തുക്കള്‍ കൈവശം വെച്ചതിന് ഇന്നലെയാണ് കൊച്ചിയിലെ പഞ്ച നക്ഷത്ര ഹോട്ടലായ സെവന്‍ സ്റ്റാറില്‍ നിന്നും ഓം പ്രകാശിനെയും സുഹൃത്തായ ഷിഹാസിനെയും പൊലീസ് പിടികൂടിയത്. ഇവരുടെ ജാമ്യ ഹര്‍ജി പരിഗണിക്കവേയാണ് പൊലീസ് കോടതിയില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് സിനിമാ താരങ്ങളുടെ പേരുളളത്. താരങ്ങള്‍ മുറിയില്‍ എത്തിയത് എന്തിനാണെന്ന് അറിയാന്‍ പ്രതികളായ ഷിഹാസിനെയും ഓം പ്രകാശിനെയും കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇരുവര്‍ക്കും ജാമ്യം ലഭിച്ചു.

അതേസമയം, പ്രതികള്‍ കൊക്കെയ്ന്‍ ഉപയോഗിച്ചു എന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. കൊക്കെയ്ന്‍ സൂക്ഷിച്ചിരുന്ന കവര്‍ മാത്രമാണ് പിടികൂടാനായതെന്നും കോടതി കണ്ടെത്തി. തലസ്ഥാനം കേന്ദ്രീകരിച്ച് വര്‍ഷങ്ങളായി ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഓം പ്രകാശിന്റെ സാന്നിദ്ധ്യം രണ്ട് ദിവസമായി കൊച്ചിയില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പരിശോധന തുടങ്ങിയിരുന്നു. കൊച്ചിയിലും ഗോവയിലുമെല്ലാം ഇടപാടുകള്‍ വ്യാപിപ്പിച്ചിട്ടുണ്ട്.

Share this Article

Leave a Comment