ആലപ്പുഴ: മണ്ണാറശാല ശ്രീ നാഗരാജാ ക്ഷേത്രത്തിലെ പ്രസിദ്ധമായ ആയില്യ മഹോത്സവത്തിന് ഇന്ന് തുടക്കം. 26നാണ് ആയില്യം ചടങ്ങ്. ഇതിന് മുന്നോടിയായുള്ള കാവില്‍ പൂജകള്‍ ആരംഭിച്ചു.ഇന്ന് വൈകിട്ട് അഞ്ചിന് മഹാദീപക്കാഴ്ച നടക്കും. കുടുംബകാരണവര് എം കെ പരമേശ്വരന് നമ്പൂതിരി തിരിതെളിയിക്കും. 25നാണ് പൂയം തൊഴല്‍. നിലവറയിയ നിത്യവാസം ചെയ്യുന്ന നാഗരാജാവായ അനന്ത സങ്കല്‍പ്പത്തിലുള്ള തിരുവാഭരണം അന്നേ ദിവസം ക്ഷേത്ര ശ്രീകോവിലില്‍ നാഗരാജവിനും സര്‍പ്പയക്ഷിക്കും ചാര്‍ത്തും.
മൂന്ന് ദിവസമായി നടക്കുന്ന ഉത്സവത്തിലെ ഏറ്റവും പ്രധാന ചടങ്ങ് നടക്കുന്നത് ആയില്യം നാളിലാണ്. തുലാം മാസത്തിലെ ആയില്യം നാളായ ശനിയാഴ്ച പുലര്‍ച്ചെ നാലിന് നട തുറക്കും. ആറിന് കുടുംബ കാരണവര്‍ ആയില്യം നാളിലെ പൂജകള്‍ ആരംഭിക്കും. അനന്ത – വാസുകീ ചൈതന്യങ്ങള്‍ ഏകീഭാവത്തില്‍ കുടികൊള്ളുന്ന ഇന്ത്യയിലെ തന്നെ അതിപുരാതനമായ നാഗരാജാ ക്ഷേത്രമാണിത്.
മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവം പ്രമാണിച്ച് ആലപ്പുഴ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ 26ന് ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ല.