Newsperseconds.com

വിഷം കലര്‍ത്തുന്നതിന്റെ മണിക്കൂറുകള്‍ക്ക് മുമ്പ് ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്തു; മരിക്കുമെന്ന് ഉറപ്പു വരുത്തി; ഗ്രീഷ്മ കഷായത്തില്‍ കലര്‍ത്തിയത് കളനാശിനിയായി ഉപയോഗിക്കുന്ന പാരക്വിറ്റെന്ന് വെളിപ്പെടുത്തല്‍

Untitled 1

തിരുവനന്തപുരം: ഷാരോണ്‍ കൊലപാതക കേസില്‍ ഗ്രീഷ്മ കഷായത്തില്‍ കലര്‍ത്തിയത് കളനാശിനിയായി ഉപയോഗിക്കുന്ന പാരക്വിറ്റെന്ന് വെളിപ്പെടുത്തല്‍. ഡോക്ടര്‍മാരുടെ സംഘമാണ് കോടതിയില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. ഏത് കളനാശിനി നല്‍കിയാണ് ഷാരോണിനെ കൊലപ്പെടുത്തിയത് എന്നതു സംബന്ധിച്ച് നേരത്തെ വ്യക്തതയില്ലായിരുന്നു. തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ ഷാരോണിന്റെയും ഗ്രീഷ്മയുടെയും മൊബൈല്‍ ഫോണുകളില്‍ നിന്ന് ഡിജിറ്റല്‍ തെളിവുകള്‍ വീണ്ടെടുത്തിരുന്നു. കിഫ്ബി എല്‍എ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ട് നൗഷാദിന്റെ സാന്നിധ്യത്തിലായിരുന്നു വിഡിയോകളും ഫോട്ടോകളും ഫോണില്‍ നിന്ന് ഡിജിറ്റല്‍ തെളിവുകളായി കണ്ടെടുത്തത്.

നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എ എം ബഷീറിന് മുന്നിലാണ് ഷാരോണിനെ ചികിത്സിച്ച മെഡിക്കല്‍ കോളജിലെ വിദഗ്ധരായ ഡോക്ടര്‍മാര്‍ മൊഴി നല്‍കിയത്. വിഷം ശരീരത്തില്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും മെഡിക്കല്‍ കോളജിലെ മെഡിസിന്‍ വിഭാഗം മേധാവി ഡോ അരുണ കോടതിയില്‍ വിശദീകരിച്ചു. വിഷം കലര്‍ത്തുന്നതിന് മുമ്പ് കളനാശിനിയെ കുറിച്ച് ഗ്രീഷ്മ ഇന്റര്‍നെറ്റില്‍ തിരഞ്ഞിട്ടുണ്ട്. 15 മില്ലി വിഷം ശരീരത്തിലെത്തിയാല്‍ മരണം ഉറപ്പാണെന്ന് വെബ്സെര്‍ച്ചിലൂടെ ഗ്രീഷ്മ മനസിലാക്കി. അതിന് ശേഷമാണ് പാരാക്വിറ്റ് കലര്‍ത്തിയത്.

ഗ്രീഷ്മ വിഷത്തിന്റെ പ്രവര്‍ത്തനരീതി ഇന്റര്‍നെറ്റില്‍ തിരഞ്ഞതിന്റെ തെളിവ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. 2022 ഓഗസ്റ്റില്‍ അമിത അളവില്‍ ഗുളികകള്‍ കലര്‍ത്തി ജൂസ് ചാലഞ്ച് നടത്തി ഷാരോണിനെ കുടിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കയ്പ് കാരണം ഷാരോണ്‍ അതു തുപ്പിക്കളഞ്ഞു. ഈ സംഭവം നടന്നതിന്റെ അന്നു രാവിലെയും അമിത അളവില്‍ മനുഷ്യ ശരീരത്തില്‍ കടന്നാലുള്ള ആഘാതങ്ങളെക്കുറിച്ച് ഗ്രീഷ്മ ഇന്റര്‍നെറ്റില്‍ നോക്കിയിരുന്നു.

Share this Article

Leave a Comment