നവംബര്‍ 14, ഇന്ന് ശിശുദിനം. കുട്ടികളെ വളരെയധികം സ്‌നേഹിച്ചിരുന്ന പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനമാണ് രാജ്യം ശിശുദിനമായി ആചരിക്കുന്നത്. ചാച്ചാജിയുടെ വേഷമണിഞ്ഞ് കുരുന്നുകള്‍ ഈ ദിവസത്തെ ആഘോഷിക്കും. തൊപ്പിയും ശുഭ്രവസ്ത്രവും പനിനീര്‍പ്പൂ നെഞ്ചോടു ചേര്‍ത്തും കുട്ടികള്‍ ചാച്ചാജിയുടെ സ്മരണയിലമരും. ഭാരതത്തിന്റെ ആദ്യപ്രധാന മന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനമായ നവംബര്‍ പതിനാല് ഇന്ത്യയില്‍ ആചരിക്കുന്നത് കുട്ടികളുടെ ദിവസമായിട്ടാണ്. കുട്ടികളെ വളരെയധികം സ്‌നേഹിച്ചിരുന്ന വ്യക്തി എന്ന നിലയില്‍ ലോകമെമ്പാടും ചാച്ചാജി പ്രസിദ്ധി നേടിയിരുന്നു. അദ്ദേഹം കുട്ടികളോട് ഇടപഴകിയ സന്ദര്‍ഭങ്ങള്‍ കഥകള്‍ പോലെ പ്രചരിച്ചിരുന്നു.
നാളത്തെ ഇന്ത്യയെ വാര്‍ത്തെടുക്കുന്നത് ഇന്നത്തെ കുരുന്നുകളാണെന്ന് ദീര്‍ഘവീക്ഷണത്തോടെ കണ്ടിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 135-ാം ജന്മദിനമാണ് രാജ്യം ആഘോഷിക്കുന്നത്. പ്രകൃതിയും മനുഷ്യനും ഇണങ്ങി ജീവിക്കുന്നതിന്റെ പ്രാധാന്യം കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കിയ വ്യക്തിയായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റു. നെഹ്റുവിന്റെ അഭിപ്രായത്തില്‍, ‘കുട്ടികള്‍ പൂന്തോട്ടത്തിലെ മുകുളങ്ങള്‍ പോലെയാണ്, അവര്‍ രാഷ്ട്രത്തിന്റെ ഭാവിയും നാളത്തെ പൗരന്മാരുമാണ്. അവരെ ശ്രദ്ധയോടെയും സ്‌നേഹത്തോടെയും വളര്‍ത്തിയെടുക്കണമെന്നും ശരിയായ വിദ്യാഭ്യാസത്തിന്റെ അനിവാര്യതയും അദ്ദേഹം പലപ്പോഴും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
1889 നവംബര്‍ 14-ന് അലഹബാദിലാണ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു ജനിച്ചത്. കുട്ടികളുടെ ക്ഷേമത്തിനും ഉന്നമനത്തിനും സ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസത്തിലും ശ്രദ്ധ ഊന്നാനും പദ്ധതികള്‍ ആസൂത്രണം ചെയ്യാനുമുള്ള ദിനമായാണ് ശിശുദിനം ആചാരിക്കുന്നത്. ശിശുദിനം കുട്ടികളുടെ ആഘോഷമായാണ് കൊണ്ടാടുന്നത്. തലമുറകള്‍ പിന്നിടുമ്പോഴും പ്രിയപ്പെട്ട ചാച്ചാജിയോടുള്ള സ്‌നേഹവും ബഹുമാനവും കുരുന്നുമനസ്സുകളില്‍ നിറയുകയാണ്. കുട്ടികള്‍ നെഹ്‌റുവിന്റെ വസ്ത്രമണിഞ്ഞും ചിത്രംവരച്ചും ക്വിസ് മത്സരങ്ങള്‍ നടത്തിയും രാജ്യമെമ്പാടും അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കുന്നു.