Newsperseconds.com

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; എൻ ഭാസുരാം​ഗനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്തേക്കും

Untitled design (3)

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ബാങ്ക് പ്രസിഡന്റ് എൻ ഭാസുരാം​ഗനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്തേക്കും. ഇന്നലെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയ ഭാസുരാം​ഗനെ ഇഡി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. ഇഡി എപ്പോൾ വിളിച്ചാലും ഹാജരാകാൻ തയ്യാറാണെന്ന് ഭാസുരാം​ഗൻ അറിയിച്ചിട്ടുണ്ട്. ഇതിനിടെ ബാങ്കിൽ വൻ നിക്ഷേപമുള്ള മൂന്നു പേർക്ക് ഇഡി നോട്ടീസ് അയച്ചു.

കഴിഞ്ഞദിവസം ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായ ഭാസുരാം​ഗനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിരുന്നു. ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം ഇന്നലെ ഡിസ്ചാർജ് ചെയ്ത ഭാസുരാം​ഗനെ ചോദ്യം ചെയ്യലിനു ശേഷം വിട്ടയയ്ക്കുകയായിരുന്നു. ഭസുരാം​ഗനെ കസ്റ്റഡിയിലെടുത്തതിനു പിന്നാലെ മകൻ അഖിൽ ജിത്തിനെയും ഇഡി കസ്റ്റഡിയിൽ എടുത്തിരുന്നു. ഭാസുരാം​ഗനെ ഇന്നലെ മകൻ അഖിൽജിത്തിന് ഒപ്പമിരുത്തി ഇഡി വിശദമായി ചോദ്യം ചെയ്തിരുന്നു. ബാങ്കിൽ നിന്ന് ഇടപാടുകൾ അടങ്ങിയ കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക് ഉൾപ്പെടെയുള്ള രേഖകൾ ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

തുടർന്ന് നടത്തിയ പരിശോധനയിലാണ് 50 ലക്ഷം മുതൽ മൂന്ന് കോടി വരെ ബാങ്കിൽ നിക്ഷേപമുള്ളവരെ ഇഡി കണ്ടെത്തിയത്. ഇവരോട് പണത്തിന്റെ സ്രോതസ്സ് കാണിക്കണമെന്നാവശ്യപ്പെട്ടാണ് ഇഡി നോട്ടീസ് അയച്ചിട്ടുള്ളത്.

ഇതിനു പുറമേ മുൻ ബാങ്ക് മുൻ സെക്രട്ടറിമാരായ ശാന്തകുമാരി, രാജേന്ദ്രൻ എന്നിവരുടെ വീടുകളിലും ഇഡി പരിശോധന നടന്നു. ജീവനക്കാരായ ശ്രീകുമാർ, അനിൽകുമാർ എന്നിവരുടെ വീടുകളിൽ പരിശോധന നടത്തി ചില വീടുകളിൽ നിന്ന് പ്രമാണങ്ങൾ അടക്കമുള്ള രേഖകളും കണ്ടെടുത്തിട്ടുണ്ട്.

എന്നാൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ നിഷേധിക്കുകയാണ് എൻ ഭാസുരാം​ഗന്‍. 101 കോടിയുടെ ക്രമക്കേടുണ്ടെന്ന് തനിക്കെതിരെ ആരേപണം ഉന്നയിച്ചതിന് പിന്നിൽ എൽഡിഎഫിലെ ഒരു നേതാവാണെന്നും മിൽമയുടെ തലപ്പത്ത് താൻ എത്തിയ ശേഷമാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നതെന്നും തനിക്കെതിരെ ആരോപണം ഉന്നയിച്ച നേതാവിന്റെ വിശദാംശങ്ങൾ പാർട്ടിക്ക് പരാതി നൽകിയിട്ടുണ്ടെന്നും ഭാസുരാം​ഗൻ പറഞ്ഞു.

Share this Article

Leave a Comment