കുട്ടനാട്ടിൽ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉത്തരവാദി സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ പണം നല്‍കാത്തത് കാർഷിക ലോണിനെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കര്‍ഷകരോട് കാണിക്കുന്ന ക്രൂരമായ അവഗണനയുടെ അവസാന ആളാണ് കുട്ടനാട്ടിൽ ആത്മഹത്യ ചെയ്ത പ്രസാദ് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഈ സമീപനമാണ് സർക്കാർ തുടരുന്നതെങ്കിൽ കർഷക ആത്മഹത്യ ഇനിയും വർധിക്കുമെന്നും വിഡി സതീശൻ പറഞ്ഞു.
സംസ്ഥാനത്ത് ധനപ്രതിസന്ധി ഉണ്ടെന്ന് സർക്കാർ ഹെെക്കോതിയിൽ സമ്മതിച്ചു. എന്നാൽ മുഖ്യമന്ത്രി മാത്രം അത് സമ്മതിക്കുന്നില്ല. മുഖ്യമന്ത്രിക്ക് അത് സമ്മതിക്കാന്‍ മടിയാണ്. അതീവ ഗുരുതര സാമ്പത്തിക പ്രതിസന്ധിയാണ് കേരളത്തിലിപ്പോഴുള്ളത്. കേരളം കടക്കെണിയിലേക്കാണ് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നത്. ഒരാവശ്യത്തിനും നല്‍കാന്‍ സര്‍ക്കാരിന്റെ കൈവശം പണമില്ലെന്നും വിഡി സതീശൻ പറഞ്ഞു. പണമില്ലാത്തതില്‍ കേന്ദ്രത്തെയാണ് സംസ്ഥാനം കുറ്റപ്പെടുത്തുന്നത്.
4 മാസമായി സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൊടുത്തിട്ടില്ല. രണ്ട് വയോധികര്‍ തെരുവിലിറങ്ങി ഭിക്ഷയെടുക്കേണ്ട അവസ്ഥ വരുന്നു. 80 വയസുകഴിഞ്ഞ ഈ പാവപ്പെട്ട സ്ത്രീകളെയാണ് സിപിഐഎം സൈബര്‍ സെല്ലുകള്‍ ആക്രമിക്കുന്നത്. ജനങ്ങളെ വിഡ്ഡികളാക്കരുതെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.