Newsperseconds.com

‘അവര്‍ ഒന്നിച്ച് യാത്രയായി’; ഹൃദയം പിളരുന്ന വേദനയില്‍ സഹപാഠികളും അധ്യാപകരും; വാഹനാപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

Untitled 1

ആലപ്പുഴ: കളര്‍കോട് വാഹനാപകടത്തില്‍ മരിച്ച അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കും അന്ത്യയാത്ര നല്‍കി സഹപാഠികളും അധ്യാപകരും നാട്ടുകാരും. മരണത്തിലും ഒന്നിച്ചായിരുന്ന കൂട്ടുകാര്‍ക്ക് ഹൃദയം പൊട്ടിയുള്ള യാത്രയയപ്പാണ് സഹപാഠികള്‍ നല്‍കിയത്. ഏറെ പ്രതീക്ഷയോടെ ഒരുമാസം മുന്‍പ് വണ്ടാനം മെഡിക്കല്‍ കോളേജിലെത്തിയവരാണ് ഇന്ന് ചേതനയറ്റ് കോളേജിലെത്തിയത്. പ്രിയപ്പെട്ടവര്‍ക്ക് വണ്ടാനം മെഡിക്കല്‍ കോളേജ് വിടനല്‍കുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു.

രാവിലെ പതിനൊന്നരയോടെയാണ് മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജില്‍ പൊതുദര്‍ശനത്തിന് വെച്ചു. ആരോഗ്യമന്ത്രി വീണാ ജേര്‍ജ്, മന്ത്രിമാരായ സജി ചെറിയാന്‍, പി പ്രസാദ്, എംഎല്‍എ ചിത്തരഞ്ജന്‍ തുടങ്ങിയവര്‍ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആശുപത്രിയിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. നൂറ് കണക്കിനാളുകളാണ് പ്രിയപ്പെട്ട വിദ്യാര്‍ഥികളെ അവസാനമായി ഒരുനോക്കുകാണാനായി എത്തിയത്.

അന്ത്യാഞ്ജലി അര്‍പ്പിക്കുന്നതിനിടെ നിയന്ത്രിക്കാനാവാതെ മന്ത്രി വീണാ ജോര്‍ജ് വിതുമ്പി. അന്ത്യാഞ്ജലി അര്‍പ്പിക്കുന്നതിനിടെ പലരും വിങ്ങിപ്പൊട്ടി. അവസാനമായി മക്കളെ ഒരുനോക്ക് കാണാനെത്തിയ മാതാപിതാക്കളുടെ വേദന എല്ലാവരുടെ കരളലയിപ്പിക്കുന്നതായിരുന്നു. ആലപ്പുഴ ഗവ. മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളായ കണ്ണൂര്‍ സ്വദേശി മുഹമ്മദ് അബ്ദുള്‍ ജബ്ബാര്‍, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം പാലാ സ്വദേശി ദേവാനന്ദന്‍, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി, പാലക്കാട് സ്വദേശി ശ്രീദീപ് എന്നിവര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

Share this Article

Leave a Comment