ആലപ്പുഴ: കളര്‍കോട് അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറും പ്രതി. ആദ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡ്രൈവറേയും എഫ്ഐആറില്‍ പ്രതി ചേര്‍ത്തത്. കൂടുതല്‍ അന്വേഷണം നടക്കുമ്പോള്‍ ഇതില്‍ മാറ്റം വന്നേക്കും. വിദ്യാര്‍ത്ഥികള്‍ക്ക് കാര്‍ വാടകയ്ക്ക് നല്‍കിയ ഉടമയോട് അടിയന്തരമായി എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒയ്ക്ക് മുന്‍പില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏഴ് പേര്‍ക്ക് സഞ്ചാരിക്കാവുന്ന വാഹനമാണ് ടവേര. എന്നാല്‍ ഇതില്‍ 11 പേരാണ് അപകടസമയത്ത് യാത്ര ചെയ്തിരുന്നത്. ‘റെന്റ് എ കാര്‍’ ലൈസന്‍സ് ഇല്ലാതെയാണ് ഉടമ വാഹനം വാടകയ്ക്ക് നല്‍കിയത്.
ഇന്നലെ രാത്രിയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. ആലപ്പുഴ കളര്‍കോടിലുണ്ടായ വാഹനാപകടത്തിലാണ് ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളായ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം സംഭവിച്ചത്. വിദ്യാര്‍ത്ഥികള്‍ സിനിമക്ക് പോകും വഴിയാണ് സഞ്ചരിച്ചിരുന്ന ടവേര കാര്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചത്. കാര്‍ പൂര്‍ണമായും തകര്‍ന്നു. പതിനൊന്ന് പേരാണ് കാറിലുണ്ടായിരുന്നത്. രണ്ട് പേര്‍ ബൈക്കിലും ഇവര്‍ക്കൊപ്പം എത്തിയിരുന്നു. സിനിമയ്ക്ക് പോകാന്‍ വേണ്ടിയായിരുന്നു ഇവര്‍ കാര്‍ വാടകയ്ക്കെടുത്ത് ഹോസ്റ്റലില്‍ നിന്നും ഇറങ്ങിയത്. ഇതിനിടെയായിരുന്നു അപകടം.