പ്രസിദ്ധമായ ശിവഗിരി തീര്‍ത്ഥാടനം 92-ാം വര്‍ഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. അറിവിന്റെ തീര്‍ത്ഥാടനമായി ഭഗവാന് പ്രഖ്യാപനം ചെയ്തിട്ടുള്ള ശിവഗിരി തീര്‍ത്ഥാടനത്തിലേക്ക് മുഴുവന്‍ ഗുരു ഭക്തന്മാരേയും ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിതാനന്ദ സ്വാഗതം ചെയ്തു. അഞ്ച് പേരില്‍ ആരംഭിച്ച ശിവഗിരി തീര്‍ത്ഥാടനം ഇപ്പോള്‍ 50 ലക്ഷത്തിലധികം ആളുകളുടെ മഹാതീര്‍ത്ഥാടനമായി മാറിയിരിക്കുകയാണ്. ഗുരുദേവന് ഉപദേശിച്ച എട്ട് കാര്യങ്ങളിലൂന്നി നിന്നുള്ള മഹാസമ്മേളനം അറിവിന്റെ തീര്‍ത്ഥാടനമായി പ്രഭ ചൊരിയുകയാണെന്നും സ്വാമി സച്ചിതാനന്ദ പറഞ്ഞു. കുമാരനാശാന് പല്ലനയില്‍ നിര്‍വ്വാണം പ്രാപിച്ചതിന്റെ ശതാബ്ദി, വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി, സര്‍വ്വമത മഹാസമ്മേളനത്തിന്റെ ശതാബ്ദി എന്നിവയെല്ലാം ഇപ്പോഴും നടന്നുവരികയാണ്. അതോടൊപ്പം തന്നെ മഹാത്മാഗാന്ധി ശിവഗിരിയില്‍ വന്ന് ശ്രീനാരായണ ഗുരുദേവനെ സന്ദര്‍ശിച്ചതിന്റെ ശതാബ്ദിയും ഈ വര്‍ഷത്തെ സവിശേഷതയാണ്. ശിവഗിരി തീര്‍ത്ഥാടനത്തില്‍ പത്ത് ദിവസത്തെ വ്രതമെടുത്ത് മഞ്ഞ വസ്ത്രമണിഞ്ഞ് ശിവഗിരിയില്‍ എത്തണമെന്നാണ് ഗുരുദേവന്റെ കല്‍പ്പന. ഗുരുഭക്തര്‍ പൂര്‍ണ്ണമായും ഇതെല്ലാം ഉള്‍ക്കൊണ്ട് തീര്‍ത്ഥാടനത്തിന് എത്തണമെന്നും സ്വാമി സച്ചിതാനന്ദ പറഞ്ഞു.
പ്രസിദ്ധമായ ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞാല്‍ തെക്കേ ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ തീര്‍ത്ഥാടനമാണ് ശിവഗിരിയിലേത്. ഇവിടെ എത്തിച്ചേരുന്ന ജനലക്ഷങ്ങള്‍ സാമൂഹിക പരിഷ്കര്‍ത്താവിന്റെ ആത്മീയ തലസ്ഥാനം സന്ദര്‍ശിക്കാന്‍ വരുന്നതിനപ്പുറത്തേക്ക് ഈശ്വരസ്വരൂപനായ മഹാഗുരുവിന്റെ അനുഗ്രഹം നേടുന്നതിന് വേണ്ടിയാണ് എത്തുന്നത്. ക്രൈസ്തവ ജനത എങ്ങനെ യേശുദേവനെ ആരാധിക്കുന്നുവോ അതേ പോലെ ശ്രീനാരയണ ഗുരു ദേവനെ ലോകം ആരാധിക്കും. ശ്രീകൃഷ്ണന്, ശ്രീബുദ്ധന്, യേശുക്രിസ്തു, മുഹമ്മദ് നബി, ശങ്കരാചാര്യര്‍ തുടങ്ങിയ മഹാഗുരുക്കന്മാരുടെ പരമ്പരയില്‍ ആധുനിക ഭാരതം ലോകത്തിന് സംഭാവന ചെയ്ത വിശ്വമഹാഗുരുവിന്റെ ജീവിത സായാഹ്ന വേളയിലാണ് മഹാഗുരു ശിവഗിരി തീര്‍ത്ഥാടനം കല്‍പ്പിച്ച് അനുവദിച്ചിരിക്കുന്നത്. ഈ തീര്‍ത്ഥാടനത്തില്‍ എല്ലാവരും പങ്കാളികളാവുക, ഉപാനിഷ്ടാനത്തോട് കൂടി ശിവഗിരിയിലെത്തുക, ശിവഗിരിയിലെ ആരാധനയില്‍ പങ്കെടുക്കുക, ശിവഗിരി കാണുക എന്നതിനപ്പുറത്തേക്ക് ഭഗവാനെ പ്രാര്‍ത്ഥിക്കാനും അനുഗ്രഹം തേടാനും ഈ വേദിയില്‍ എത്തിച്ചേരണമെന്നും സ്വാമി സച്ചിതാനന്ദ പറഞ്ഞു. അതോടൊപ്പം ഡിസംബര്‍ 15 മുതല്‍ ഭക്തജനങ്ങള്‍ ഒരുക്കത്തോട് കൂടി, പ്രധാനമായും സമ്മേളനങ്ങളും പ്രഭാഷണങ്ങളും ശ്രവിക്കുവാന് വേണ്ടി, അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുവാന്‍ വേണ്ടി ശിവഗിരിയില്‍ എത്തിച്ചേരണമെന്നും സ്വാമി പറഞ്ഞു.
92-ാമത് ശിവഗിരി തീര്‍ത്ഥാടനം ജനുവരി അഞ്ച് വരെ നീണ്ടു നില്ക്കും. ഡിസംബര്‍ 29 വരെ പ്രഭാഷണങ്ങളും വിവിധ സമ്മേളനങ്ങളും കലാപരിപാടികളും ശിവഗിരിയില്‍ നടക്കും. ഡിസംബര്‍ 30, 31 ജനുവരി 1 തിയ്യതികളിലായി പ്രസിദ്ധമായ തീര്‍ത്ഥാടന ദിനങ്ങളില്‍ വിശേഷാല്‍ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നു.