കൊച്ചി: തിയ്യറ്ററില്‍ ഹൗസ്ഫുള് ആയി ഓടിക്കൊണ്ടിരിക്കുന്ന ഉണ്ണി മുകുന്ദന് ചിത്രമായ ‘മാര്‍ക്കോ’ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. ആലുവ സ്വദേശി ആക്വിബ് ഹനാന് (21) ആണ് പിടിയിലായത്. കൊച്ചി സൈബര്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്. സോഷ്യല്‍മീഡിയ വഴിയാണ് വ്യാജ പതിപ്പ് പ്രചരിപ്പിച്ചത്. സിനിമയുടെ നിര്‍മാതാവാണ് സംഭവത്തിനെതിരെ പരാതി നല്‍കിയത്.
ടെലഗ്രാം ഗ്രൂപ്പ് വഴി സിനിമയുടെ വ്യാജ പതിപ്പ് വ്യപകമായി പ്രചരിപ്പിച്ചെന്നും ഇത് നിര്‍മ്മാതാക്കള്‍ക്ക് സാമ്പത്തിക നഷ്ടം വരുത്തിയെന്നുമാണ് പരാതി. ക്രിസ്മസ് റിലീസ് ആയി അഞ്ച് ഭാഷകളില്‍ തിയേറ്ററില്‍ എത്തിയ ചിത്രം മികച്ച കളക്ഷന്‍ നേടി പ്രദര്‍ശനം തുടരുകയാണ്.
മലയാള സിനിമയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത രംഗങ്ങളാണ് ചിത്രത്തിലുള്ളത്. എ സര്‍ട്ടിഫിക്കറ്റ് സിനിമ ആയിട്ടുപോലും കുടുംബ പ്രേക്ഷകരും ചിത്രത്തെ സ്വീകരിച്ചിട്ടുമുണ്ട്. ‘കെ ജി എഫ്’, ‘സലാര്‍’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകന് രവി ബസ്രൂര് ഒരുക്കിയ മാര്‍ക്കോയിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.