ഷില്ലോങ്: മേഘാലയയിലെ അനധികൃത കൽക്കരി ഖനിയിൽ ഉണ്ടായ സ്ഫോടനത്തിൽ 18 തൊഴിലാളികൾ കൊല്ലപ്പെട്ടു. ഈസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിലെ തങ്സ്കു മേഖലയിൽ വ്യാഴാഴ്ച രാവിലെയാണ് ദാരുണമായ അപകടം നടന്നത്. സ്ഫോടനസമയത്ത് ഖനിക്കുള്ളിലുണ്ടായിരുന്ന തൊഴിലാളികളുടെ കൃത്യമായ എണ്ണം വ്യക്തമല്ലാത്തതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. കുടുങ്ങിക്കിടക്കുന്നവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്. പരുക്കേറ്റവരെ ഷില്ലോങ്ങിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം ആരംഭിച്ചു.
അപകടത്തിൽ മേഘാലയ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസുമാരായ എച്ച്.എസ്. തങ്ഖീവ്, ഡബ്ല്യു. ഡിയെങ്ഡോ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഇടപെട്ടത്. അനധികൃത ഖനനത്തിന് ഉത്തരവാദികളായ ഖനി ഉടമകളെയും ഓപ്പറേറ്റർമാരെയും കണ്ടെത്തി അറസ്റ്റ് ചെയ്യാൻ കോടതി നിർദ്ദേശിച്ചു. വിഷയത്തിൽ ജില്ലാ പൊലീസ് സൂപ്രണ്ടും ഡെപ്യൂട്ടി കമ്മീഷണറും ഫെബ്രുവരി 9ന് നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു. ദേശീയ ഹരിത ട്രൈബ്യൂണലും സുപ്രീം കോടതിയും നിരോധിച്ച റാറ്റ് ഹോൾ മാതൃകയിൽ പ്രവർത്തിച്ച ഖനിയിലാണ് അപകടം ഉണ്ടായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.