സാഹിത്യകാരി പി. വത്സല (85) അന്തരിച്ചു. കോഴിക്കോട് മുക്കം കെഎംസിടി മെഡിക്കൽ കോളജിൽ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. കേരള സാഹിത്യ അക്കാദമി അധ്യക്ഷയായിരുന്നു.
കാനങ്ങോട്ട് ചന്തുവിന്റെയും പത്മാതിയുടെയും മകളായി 1938 ഏപ്രിൽ നാലിന് കോഴിക്കോട്ടാണ് പി വത്സലയുടെ ജനനം. പ്രാഥമികവിദ്യാഭ്യാസം നടക്കാവ് സ്കൂളിലായിരുന്നു. തുടര്‍ന്ന് പ്രീഡിഗ്രിയും ബിരുദവും പ്രോവിഡന്‍സ് കോളേജില്‍. ബി.എ. ഇക്കണോമിക്സ് ജയിച്ച ഉടന്‍ അധ്യാപികയായി കൊടുവള്ളി സര്‍ക്കാര്‍ ഹൈസ്കൂളില്‍ ആദ്യനിയമനം ലഭിച്ചു. പിന്നീട് കോഴിക്കോട് ഗവ. ടീച്ചേഴ്സ് ട്രെയിനിങ് കോളേജില്‍നിന്ന് ബി.എഡ്. പഠനം പൂര്‍ത്തിയാക്കി. നടക്കാവ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു. 32 വര്‍ഷത്തെ അധ്യാപനജീവിതം. അവസാനത്തെ അഞ്ചുവര്‍ഷം നടക്കാവ് ടി.ടി.ഐ.യില്‍ പ്രധാനാധ്യാപികയായിരുന്നു.
തിരുനെല്ലിയുടെ കഥാകാരിയെന്നറിയപ്പെടുന്ന വത്സല 1960-കള്‍ മുതല്‍ മലയാള സാഹിത്യരംഗത്ത് സജീവമായിരുന്നു. നെല്ല് ആണ് ആദ്യ നോവൽ. കേരള സാഹിത്യ അക്കാദമി അവാർഡ്, എഴുത്തച്ഛൻ പുരസ്കാരം, മുട്ടത്തുവർക്കി അവാർഡ്, സി വി കുഞ്ഞിരാമൻ സ്മാരക അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. നിഴലുറങ്ങുന്ന വഴികൾ, നെല്ല്, ആഗ്നേയം, അരക്കില്ലം, ഗൗതമൻ, പാളയം, ചാവേർ, കൂമൻകൊല്ലി, നമ്പറുകൾ, വിലാപം, പഴയപുതിയ നഗരം, ആനവേട്ടക്കാരൻ, അനുപമയുടെ കാവൽക്കാരൻ, ഉണിക്കോരൻ ചതോപാധ്യായ, ഉച്ചയുടെ നിഴൽ, കറുത്ത മഴപെയ്യുന്ന താഴ്വര, തകർച്ച എന്നിവയാണ് പ്രധാനകൃതികൾ. നിഴലുറങ്ങുന്ന വഴികൾ എന്ന നോവലിന് സാഹിത്യ അക്കാദമി അവാർഡ്ലഭിച്ചിട്ടുണ്ട്.