മികച്ച ചിത്രമടക്കം ഏഴ് ഓസ്‌കാറുകള്‍ വാങ്ങിക്കൂട്ടി മിന്നിത്തിളങ്ങുകയാണ് ക്രിസ്റ്റഫര്‍ നോളന്റെ ഓപ്പണ്‍ഹൈമര്‍. ആറ്റം ബോംബിന്റെ പിതാവ് ഓപണ്‍ഹെയ്മറുടെ ജീവിതമാണ് ക്രിസ്റ്റഫര്‍ നോളന്‍ ഈ ചിത്രത്തിലൂടെ അവതരിപ്പിച്ചത്. എന്നാല്‍ ചിത്രത്തിലെ ഒരു സീന്‍ ചര്‍ച്ചയാവുകയാണ്.
ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന സമയത്ത് ഓപ്പണ്‍ഹൈമര്‍ ഭഗവത് ഗീത വായിക്കുന്ന രംഗമാണ് വിവാദങ്ങള്‍ക്ക് കാരണമായത്. സെക്സ് സീനില്‍ റോബര്‍ട്ട് ഓപ്പണ്‍ഹൈമറായി സിലിയന്‍ മര്‍ഫിയും ജീന്‍ ടാറ്റ്ലോക്ക് ആയി ഫ്‌ലോറന്‍സ് പഗുമാണ് അഭിനയിക്കുന്നത്. ലൈംഗിക ബന്ധത്തിനിടക്ക് എഴുന്നേറ്റു പുസ്തകഷെല്‍ഫിന്റെ അടുത്തേക്ക് പോയി ഭഗവദ് ഗീതയുടെ ഒരു പകര്‍പ്പ് എടുത്ത് അതില്‍ നിന്ന് വായിക്കാന്‍ മര്‍ഫിയോട് ആവശ്യപ്പെടുന്ന രംഗമാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്.
ഈ രംഗം ഹിന്ദുത്വത്തിനെതിരായ ആക്രമണമാണെന്നും സെന്‍സര്‍ ബോര്‍ഡ് ഈ രംഗത്തിന് അനുമതി നല്‍കിയത് എന്ത് അടിസ്ഥാനത്തിലാണെന്നുമുള്ള ചോദ്യം ഉയര്‍ന്നു. സിനിമയിലെ ഈ ഭാഗത്തെ കുറിച്ച് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ അടിയന്തര നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സേവ് കള്‍ച്ചര്‍ സേവ് ഇന്ത്യ ഫൗണ്ടേഷന്‍ രംഗത്തെത്തി.
ഭഗവാന്‍ ശ്രീകൃഷ്ണന്‍ മനുഷ്യ സംസ്‌കാരത്തിന് നല്‍കിയ ദൈവികമായ സമ്മാനമായ ഭഗവദ് ഗീത ഹിന്ദുമതത്തിലെ ഏറ്റവും ആദരണീയമായ ഗ്രന്ഥങ്ങളിലൊന്നാണ്. ആത്മനിയന്ത്രണത്തോടെ ജീവിക്കുകയും നിസ്വാര്‍ത്ഥമായ ശ്രേഷ്ഠമായ പ്രവൃത്തികള്‍ ചെയ്യുകയും ചെയ്യുന്ന എണ്ണമറ്റ സന്യാസിമാര്‍ക്കും ബ്രഹ്മചാരികള്‍ക്കും ഇതിഹാസങ്ങള്‍ക്കും ഗീത പ്രചോദനമാണ്, ഇങ്ങനെയൊരു രംഗത്തിന് എങ്ങനെയാണ് അനുമതി നല്‍കിയതെന്ന് സേവ് കള്‍ച്ചര്‍ സേവ് ഇന്ത്യ ഫൗണ്ടേഷന്റെ പ്രസ്താവന പങ്കുവച്ച് വിവരാവകാശ കമ്മീഷണര്‍ ഉദയ് മഹുര്‍കര്‍ ചോദ്യംചെയ്തു.