Newsperseconds.com

ബ്ലെസിയുടെയും പൃഥ്വിരാജിന്റെയും 16 വര്‍ഷത്തെ കാത്തിരിപ്പ്; മികച്ച പ്രതികരണവുമായി ആട്ജീവിതം തിയ്യറ്ററുകളില്‍

Capture

സംവിധായകന്‍ ബ്ലെസിയുടെയും പൃഥ്വിരാജിന്റെയും 16 വര്‍ഷത്തെ കാത്തിരിപ്പും പരിശ്രമവുമാണ് ആടുജീവിതം എന്ന സിനിമ. ആദ്യ ഷോകള്‍ പിന്നിടുമ്പോള്‍ പ്രേക്ഷകരില്‍ നിന്നും സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷം ആട്ജീവിതം ഇന്ന് തിയറ്ററിലെത്തിയപ്പോള്‍ നജീബിന്റെയും പൃഥ്വിരാജിന്റെയും കണ്ണുകള്‍ ഒരേ പോലെ ഈറനണിഞ്ഞു. ആടുജീവിതം ഹൃദയത്തില്‍ ചേര്‍ത്ത പ്രേക്ഷകര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ സിനിമയുടെ പോസ്റ്ററിനൊപ്പം നടന്‍ പൃഥ്വിരാജ് നന്ദി അറിയിച്ചു. ആടുജീവിതത്തെയും നടനെയും അഭിനന്ദിച്ച് സിനിമ പ്രവര്‍ത്തകരും ആരാധകരും എത്തിയിട്ടുണ്ട്.

പാന്‍ ഇന്ത്യന്‍ റിലീസായി തിയറ്ററുകളിലെത്തിയ ആടുജീവിതത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ചിത്രം തിയറ്ററുകളിലെത്തുന്നതിന് മുമ്പ് പൃഥ്വിരാജിനും ആടുജീവിതം ടീമിനും ആശംസയുമായി അമ്മ മല്ലിക സുകുമാരനും ഭാര്യ സുപ്രിയയും എത്തിയിരുന്നു. സിനിമ കണ്ടതിനു ശേഷം സുപ്രിയ വികാരഭരിതയായാണ് പുറത്തേക്ക് ഇറങ്ങിയത്. വേഗം വീട്ടിലേക്ക് പോകണം, പൃഥ്വിയെ കാണണം എന്നായിരുന്നു സുപ്രിയയുടെ മറുപടി.

പൃഥ്വിരാജിനെ പോലെ ആകാംക്ഷയുടെ കൊടുമുടികള്‍ താണ്ടിയാണ് പ്രേക്ഷകരും ആടുജീവിതം കാണാനെത്തിയത്. ആദ്യ ഷോകള്‍ പിന്നിടുമ്പോള്‍ സിനിമയെ കുറിച്ച് വളരെ മികച്ച അഭിപ്രായങ്ങളാണ് പുറത്തുവരുന്നത്. ഈ പ്രതികരണം ബോക്‌സോഫീസ് കളക്ഷനിലും പ്രതിഫലിക്കുമെന്ന് വ്യക്തമാക്കുന്നു. . ആടുജീവിതം കേരളത്തില്‍ മാത്രമായി ആറുകോടിയിലധികം രൂപ കളക്ട് ചെയ്യുമെന്നാണ് മീഡിയ കണ്‍സല്‍ട്ടന്റായ ഓര്‍മാക്‌സ് പ്രവചിക്കുന്നത്.

ബെന്യാമിന്‍ എഴുതിയ ആടുജീവിതം എന്ന നോവല്‍ നജീബ് എന്ന വ്യക്തിയുടെ പച്ചയായ ജീവിതാനുഭവങ്ങളാണ്. യഥാര്‍ത്ഥ കഥയെ ആസ്പദമാക്കി വായനക്കാരെ മറ്റൊരു സാങ്കല്‍പ്പിക ലോകത്തിലെത്തിക്കുകയാണ് ബെന്യാമിന്‍ ചെയ്തത്. ബെന്യാമിന്റെ നോവല്‍ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട് തന്നെയാണ് ബ്ലെസി ഈ സിനിമ ചെയ്തിരിക്കുന്നത്. സിനിമ കാണുന്ന ഓരോ പ്രേക്ഷകനും നജീബിനെ ഒരു വിങ്ങലോടെയല്ലാതെ ഓര്‍ക്കാന്‍ കഴിയില്ല. സിനിമയ്ക്കായി പൃഥ്വിരാജ് നടത്തിയ പരിശ്രമങ്ങളൊന്നും വെറുതെയായില്ലെന്നാണ് ആദ്യ ഷോ കഴിഞ്ഞതിന് ശേഷമുള്ള പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. ഇന്റര്‍നാഷണല്‍ ലെവല്‍ സിനിമയാണ് ആടുജീവിതമെന്ന് ഒരു പ്രേക്ഷകന്‍ ട്വിറ്ററില്‍ കുറിച്ചു.

Share this Article

Leave a Comment