Newsperseconds.com

‘മലയാളികളുടെ അഭിമാനം’; വിദ്വേഷ പ്രചാരണങ്ങളുടെ വിഷമേല്‍ക്കാതെ മഹാനടനെ സംരക്ഷിക്കും; നടന്‍ മമ്മൂട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് ആര്‍പിഐ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി ആര്‍സി രാജീവ്ദാസ്

Untitled 1

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് ആര്‍പിഐ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി ആര്‍.സി രാജീവ്ദാസ്. മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ പുഴു എന്ന ചിത്രങ്ങളുമായി ബന്ധപ്പെട്ടാണ് താരത്തിനെതിരെ ഒരു വിഭാഗം വിദ്വേഷ പ്രചാരണവും സൈബര്‍ ആക്രമണവും നടത്തുന്നത്. മലയാളികളുടെ അഭിമാനവും സ്വകാര്യ അഹങ്കാരവുമാണ് മമ്മൂട്ടിയെന്ന അതുല്യ പ്രതിഭ. മലയാളസിനിമ അതിന്റെ വളര്‍ച്ചയുടെ ചരിത്രസന്ധികളിലൂടെ കടന്നുപോകുമ്പോള്‍ അതില്‍ വലിയ പങ്ക് വഹിച്ച അഭിനേതാവ് കൂടിയാണ് അദ്ദേഹം. അങ്ങനെയുള്ള ആ വ്യക്തിത്വത്തെ ഒരു മതത്തിന്റെയും ജാതിയുടെയും ചട്ടക്കൂടുകളിലേക്ക് കെട്ടിയിടാന്‍ അനുവദിക്കില്ലെന്ന് ആര്‍.സി രാജീവ്ദാസ് പറഞ്ഞു.

5

അമ്പത് വര്‍ഷക്കാലത്തോളമായി മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മമ്മൂട്ടി. എല്ലാ തരം കഥാപാത്രങ്ങളെയും അഭ്രപാളികളില്‍ അദ്ദേഹം വിസ്മയം തീര്‍ത്തിട്ടുണ്ട്. അങ്ങനെയൊരു വ്യക്തിയെയാണ് ജാതിയുടേയും മതത്തിന്റേയും പേര് പറഞ്ഞ് സൈബര്‍ അക്രമണം നടത്തുന്നതെന്ന് രാജീവ്ദാസ് ചൂണ്ടിക്കാട്ടി. 2022ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പുഴു. ബോധത്തിലും അബോധത്തിലും ജാതിപേറുന്ന ഒരു സവര്‍ണ്ണന്റെ ജിവിതമാണ് ചിത്രത്തിലുടനീളം പറയുന്നത്. സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്ന ജാതീയതയും മുസ്ലീം വിരുദ്ധതയുമൊക്കെ സിനിമ മറയില്ലാതെ പറയുന്നുണ്ട്. ഈ സിനിമയുടെ പേരില്‍ സവര്‍ണരെ മമ്മൂട്ടി മനപ്പൂര്‍വ്വം കരിവാരി തേക്കുന്നുണ്ടെന്നും, മമ്മൂട്ടി സിനിമയെ വര്‍ഗീയവത്ക്കരിക്കുന്നുണ്ടെന്നും പറയുന്നവരുടെ വിദ്വേഷപ്രചാരണം കേരളത്തില്‍ നടക്കില്ലെന്നും ആര്‍സി രാജീവ്ദാസ് വ്യക്തമാക്കി.

9

സമൂഹത്തില്‍ മികച്ച സ്ഥാനവും സിനിമാ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുയും ചെയ്ത മഹാനടനെതിരെയാണ് ഫേസ്ബുക്കില്‍ വിദ്വേഷ പ്രചരണം നടക്കുന്നത്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും രാജീവ്ദാസ് പറഞ്ഞു. എല്ലാ മതങ്ങളേയും ഒരേ പോലെ ബഹുമാനിക്കുകയും രാഷ്ട്രീയ നേതാക്കളുമായി വലിയ ആത്മബന്ധം സൂക്ഷിക്കുകയും ചെയ്യുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. വിവാദ വാര്‍ത്തകളിലോ അല്ലെങ്കില്‍ ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിയുടേയോ പക്ഷം ചേരാത്ത വ്യക്തി കൂടിയാണ്. കഴിഞ്ഞ 5 പതിറ്റാണ്ടുകളായി മലയാളി മനസ്സുകളുടെ മുന്നില്‍ തുറന്ന പുസ്തകമാണ് മമ്മൂട്ടിയെന്ന നടന്‍. അങ്ങനെയൊരു അതുല്ല്യ പ്രതിഭയെ വിദ്വേഷ പ്രചാരണങ്ങളുടെ വിഷമേല്‍ക്കാതെ സംരക്ഷിക്കുമെന്നും ആര്‍സി രാജീവ്ദാസ് പറഞ്ഞു.

 

Share this Article

Leave a Comment